സിദ്ധാര്‍ഥന്റെ മരണം: വീഴ്ച ഇല്ലെന്ന് ഡീന്‍, സ്ഥലത്ത് ഇല്ലെന്ന് അസി വാര്‍ഡന്‍; വിസിയുടെ നോട്ടിസിന് മറുപടി

Update: 2024-03-05 08:53 GMT

കല്‍പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ വിസിയുടെ നോട്ടിസിന് മറുപടി നല്‍കി ഡീനും അസിസ്റ്റന്റ് വാര്‍ഡനും. വീഴ്ച സംഭവിച്ചിട്ടില്ലെന്നും കൃത്യമായ സമയത്ത് ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും ഡീന്‍ എം കെ നാരായണന്‍ മറുപടിയില്‍ അറിയിച്ചു. അവിടെ താമസിച്ച് കാര്യങ്ങള്‍ നോക്കുന്ന ആളല്ല താന്‍. റസിഡന്റ് ട്യൂട്ടറുടെ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. വിവരം അറിഞ്ഞ ഉടന്‍ ഇടപെടലുകള്‍ നടത്തി. സിദ്ധാര്‍ഥന്റെ പോസ്റ്റുമോര്‍ട്ടത്തിനടക്കം നേരിട്ടുപോയി. ഹോസ്റ്റലിലുള്ള വിദ്യാര്‍ഥികളോട് സംസാരിച്ചതായും ചെയ്യാവുന്നത് യഥാസമയം ചെയ്‌തെന്നുമാണ് ഡീനിന്റെ വിശദീകരണം.

സംഭവസമയം സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും വിവരമറിഞ്ഞ ഉടന്‍ ഫോണില്‍ ബന്ധപ്പെട്ടെന്നുമാണ് അസിസ്റ്റന്റ് വാര്‍ഡന്‍ മറുപടി നല്‍കിയത്. വിശദീകരണം പരിശോധിച്ചശേഷം വിസി തുടര്‍നടപടി സ്വീകരിക്കും. മറുപടി തൃപ്തികരമല്ലെങ്കില്‍ ഇരുവരേയും സ്ഥാനത്തുനിന്ന് നീക്കിയേക്കും.

Tags: