കഴക്കൂട്ടത്തെ നാലു വയസുകാരന്റെ മരണം കൊലപാതകം; പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്
കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് അതിഥിതൊഴിലാളിയുടെ നാലുവയസായ കുട്ടിയെ മരിച്ച നിലയില്‍ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായി. കഴുത്തില്‍ എന്തുകൊണ്ടോ മുറുക്കിയ പാടുകള്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.
പശ്ചിമബംഗാള്‍ സ്വദേശിനിയായ മുന്നി ബീഗത്തിന്റെ നാലുവയസുള്ള മകന്‍ ഗില്‍ദറിനേയാണ് ഞായറാഴ്ച വൈകീട്ട് ആറുമണിയോടെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും പിന്നീട് ഉണര്‍ന്നില്ലെന്നുമാണ് മാതാവ് ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ കുട്ടിയുടെ കഴുത്തില്‍ മുറിവുകള്‍ കണ്ടെത്തിയതോടെ അധികൃതര്‍ കഴക്കൂട്ടം പോലിസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മാതാവിനേയും ആണ്‍സുഹൃത്തിനേയും കഴക്കൂട്ടം പോലിസ് കസ്റ്റഡിയിലെടുത്തിയിരുന്നു. കൊലപാതകമാണെന്ന് ബോധ്യമായതോടെ ഇരുവര്‍ക്കും കൃത്യത്തില്‍ പങ്കുണ്ടോയെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലിസ് വിശദമായ അന്വേഷണത്തിലേക്ക് കടക്കുമെന്നാണ് വിവരം.
രണ്ടാഴ്ച മുന്‍പാണ് ഒന്നര വയസു പ്രായമുള്ള ഇളയ കുഞ്ഞും മരണപ്പെട്ട കുട്ടിയുമായി ഇവര്‍ ഇവിടെ താമസത്തിനെത്തിയത്. രണ്ടുമാസം മുന്‍പും ഇവര്‍ ഇതേ ലോഡ്ജില്‍ താമസിച്ചിരുന്നതായി പോലിസിന് വിവരം ലഭിച്ചു. ആലുവയില്‍ താമസിച്ചിരുന്ന ഇവര്‍ ഭര്‍ത്താവുമായി പിണങ്ങിയാണ് കുഞ്ഞുങ്ങളുമായി ഇവിടെ എത്തിയതെന്നാണ് വിവരം. ഇവര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. ചോദ്യം ചെയ്തതിനു ശേഷം ഇന്നുത്തന്നെ കസ്റ്റഡിയിലുള്ള തന്‍ബീര്‍ ആലമിന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.