ഡയാലിസിസ് ചെയ്ത രോഗികള്‍ മരിച്ച സംഭവം; ഹരിപ്പാട് താലൂക്ക് ആശുപത്രി അധികൃതര്‍ക്കെതിരേ കേസെടുത്ത് പോലിസ്

ആശുപത്രി അധികൃതര്‍ക്കെതിരേ ചികില്‍സ പിഴവിനാണ് ഹരിപ്പാട് പോലിസ് കേസെടുത്തിരിക്കുന്നത്

Update: 2026-01-05 02:55 GMT

ആലപ്പുഴ: ഡയാലിസിസ് ചെയ്ത രോഗികള്‍ മരിച്ച സംഭവത്തില്‍ ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരേ കേസെടുത്ത് പോലിസ്. ആശുപത്രി അധികൃതര്‍ക്കെതിരേ ചികില്‍സ പിഴവിനാണ് ഹരിപ്പാട് പോലിസ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 125, 106(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. മരിച്ച രാമചന്ദ്രന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് ആശുപത്രിയിലെ സൂപ്രണ്ട്, ഡയാലിസിസ് യുണിറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. പുതിയ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് പോലിസ് ആവശ്യപ്പെട്ടു.

ആലപ്പുഴ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ നിന്ന് ഡയാലിസിസ് ചെയ്ത രണ്ടു പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഡയാലിസിസിനിടെ ഉണ്ടായ അണുബാധയാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് റിപോര്‍ട്ട് തേടിയിരുന്നു. ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസിനെത്തുടര്‍ന്നു മരിച്ച രണ്ടുപേരുടേയും കേസ് ഷീറ്റുകള്‍ ആരോഗ്യ വകുപ്പ് പരിശോധിക്കും. ഇരുവരുടേയും പോസ്റ്റ്‌മോര്‍ട്ടം നടത്താത്തതിനാല്‍ കേസ് ഷീറ്റ് വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ചെങ്കിലേ മരണകാരണം ഉള്‍പ്പെടെ കണ്ടെത്താനാകൂ. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപോര്‍ട്ടാണ് നല്‍കിയതെന്നു ഡിഎംഒ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 29ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തു മടങ്ങിയ 26 പേരില്‍ ആറു പേര്‍ക്കാണ് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഇതില്‍ മൂന്നു പേരുടെ സ്ഥിതി മോശമായിരുന്നതിനാല്‍ മറ്റ് ആശുപത്രികളില്‍ ചികില്‍സ തേടുകയും അതില്‍ രണ്ടു പേര്‍ മരിക്കുകയും ചെയ്തു.

കായംകുളം പുതുക്കാട് വടക്കതില്‍ മജീദ്(53), ഹരിപ്പാട് വെട്ടുവേനി ചാക്കനാട്ട് രാമചന്ദ്രന്‍(60)എന്നിവരാണ് മരിച്ചത്. ഡയാലിസിസ് സെന്ററിലെ അണുബാധയാണ് മരണകാരണമെന്നും ഗുരുതരാവസ്ഥയില്‍ ആയിട്ടും ആശുപത്രിയില്‍ നിന്ന് ഒരു പരിഗണയും ലഭിച്ചില്ലെന്നും മരിച്ച രാമചന്ദ്രന്റെ കുടുംബം ആരോപിച്ചിരുന്നു. ഡയാലിസിസ് ഉപകരണങ്ങള്‍, വെള്ളം എന്നിവ പരിശോധിച്ചെങ്കിലും അണുബാധ കണ്ടെത്താനായില്ലെന്നായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ പ്രതികരണം. സ്ഥലം എംഎല്‍എയായ രമേശ് ചെന്നിത്തല ആരോഗ്യ മന്ത്രിയുമായി വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.

Tags: