നെയ്യാറ്റിന്‍കരയിലെ ഒരുവയസുകാരന്റെ മരണം; കുറ്റം സമ്മതിച്ച് പിതാവ്

മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്ത് പോലിസ്

Update: 2026-01-23 15:34 GMT

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണത്തില്‍ കുറ്റം സമ്മതിച്ച് പിതാവ് ഷിജിന്‍. കുട്ടിയെ താന്‍ മര്‍ദ്ദിച്ചുവെന്ന് പിതാവ് കുറ്റം സമ്മതിച്ചു. കൈമുട്ട് കൊണ്ട് കുട്ടിയുടെ വയറ്റില്‍ മര്‍ദിക്കുകയായിരുന്നു എന്നാണ് മൊഴി. കുട്ടിയുടെ വയറ്റില്‍ ക്ഷതമേറ്റതായി നേരത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ചോദ്യംചെയ്തപ്പോഴാണ് ഷിജിന്‍ കുറ്റം സമ്മതിച്ചത്. ഇത് മൂന്നാം തവണയാണ് കവളാകുളം സ്വദേശികളായ ഷിജിന്‍, കൃഷ്ണപ്രിയ ദമ്പതികളെ കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പോലിസ് ചോദ്യം ചെയ്തത്. ഈ ചോദ്യംചെയ്യലിലാണ് ഷിജിന്‍ കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് പോലിസ് അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം അടിവയറ്റില്‍ ഇടിക്കുകയായിരുന്നു. ശേഷം കുഞ്ഞ് കുഴഞ്ഞുവീണു. ഭാര്യയോടുളള സംശയം മൂലമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പ്രതിയുടെ മൊഴി. കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴികളില്‍ പോലിസ് നേരത്തെ ദുരൂഹത സംശയിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കവളാകുളം ഐക്കരവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഷിജിലിന്റേയും കൃഷ്ണപ്രിയയുടേയും ഒരു വയസുകാരന്‍ ഇഹാന്‍ മരണപ്പെടുന്നത്. ജനുവരി 16ന് രാത്രി 9.30നായിരുന്നു സംഭവം. പിതാവ് വാങ്ങി നല്‍കിയ ബിസ്‌ക്കറ്റ് കഴിച്ച് അരമണിക്കൂറിന് ശേഷം കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നു. പിന്നാലെ കുഞ്ഞിന്റെ വായില്‍ നിന്ന് നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തിരുന്നു. ഉടന്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷിജിലും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. ബന്ധുക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ഇവര്‍ ഒന്നിച്ച് താമസിച്ച് തുടങ്ങിയത്.