'ഡെത്ത് ബോള്‍' സ്‌പോഞ്ച്; ദക്ഷിണ മഹാസമുദ്രത്തില്‍ 30 സമുദ്രജീവികളെ കണ്ടെത്തി
ന്യൂഡല്‍ഹി: ദക്ഷിണ മഹാസമുദ്രത്തിലെ ആഴക്കടല്‍ മേഖലകളില്‍ ശാസ്ത്രജ്ഞര്‍ 30 പുതിയ സമുദ്രജീവികളെ കണ്ടെത്തി. അഗ്നിപര്‍വ്വത പ്രദേശങ്ങളായ മോണ്ടഗ്യു, സാന്‍ഡേഴ്സ് ദ്വീപുകള്‍, സൗത്ത് സാന്‍ഡ്വിച് ട്രെഞ്ച് എന്നിവിടങ്ങളിലാണ് അപൂര്‍വ ജീവജാലങ്ങളെ കണ്ടെത്തിയത്. ഇവയില്‍ 'ഡെത്ത് ബോള്‍' എന്ന ജീവികളാണ് ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നത്.
പന്തുപോലുള്ള ആകൃതിയാണ് സ്‌പോഞ്ചിന്. ഇതിന് പുറത്തുള്ള ചെറുഹുക്കുകള്‍ ഉപയോഗിച്ചാണ് ഇവ ഇരയെ പിടികൂടുന്നത്. സാധാരണ ഫില്‍റ്റര്‍ ഫീഡിംഗിലൂടെ ഭക്ഷണം കണ്ടെത്തുന്ന സ്‌പോഞ്ചുകളെ അപേക്ഷിച്ച് ഈ ജീവി വ്യത്യസ്തമാണ്.
ജാപ്പനീസ് സ്ഥാപനം 'നിപ്പോണ്‍ ഫൗണ്ടേഷന്‍-നെക്ടണ്‍ ഓഷ്യന്‍ സെന്‍സസ്' സംഘവും 'ഷ്മിറ്റ് ഓഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്' ഗവേഷക സംഘവും ചേര്‍ന്നാണ് ഈ കണ്ടെത്തലുകള്‍ നടത്തിയത്. ശാസ്ത്രജ്ഞര്‍ 'സോംബി വര്‍മ്മുകള്‍' (osedax sp.) എന്നറിയപ്പെടുന്ന മറ്റൊരു അപൂര്‍വ ജീവിയെയും കണ്ടതായി വ്യക്തമാക്കി. ഇവയ്ക്ക് വായയോ ആമാശയമോ ഇല്ല. തിമിംഗലങ്ങളുടെയും വലിയ ജന്തുക്കളുടെയും അസ്ഥികളിലുള്ള കൊഴുപ്പ് ബാക്ടീരിയയുടെ സഹായത്തോടെയാണ് ഇവ ഭക്ഷിക്കുന്നത്.
''ദക്ഷിണ മഹാസമുദ്രത്തില്‍ ഇന്നും വളരെ കുറച്ച് പഠനങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഈ യാത്രയില്‍ ശേഖരിച്ച സാമ്പിളുകളില്‍ വെറും 30 ശതമാനം മാത്രം പരിശോധിച്ചിട്ടുള്ളപ്പോള്‍ തന്നെ 30 പുതിയ സ്പീഷീസുകള്‍ സ്ഥിരീകരിച്ചുകഴിഞ്ഞു,'' ഓഷ്യന്‍ സെന്‍സസ് ശാസ്ത്ര വിഭാഗം മേധാവി ഡോ. മിഷെല്‍ ടെയ്ലര്‍ പറഞ്ഞു.
ഗവേഷണത്തിന്റെ ഭാഗമായി 14 വിഭാഗങ്ങളിലായി 2,000ത്തിലധികം സാമ്പിളുകളും, ആയിരക്കണക്കിന് ഹൈ ഡെഫിനിഷന്‍ ചിത്രങ്ങളും, മണിക്കൂറുകള്‍ നീളുന്ന വീഡിയോകളും ശാസ്ത്രജ്ഞര്‍ ശേഖരിച്ചു.
