സമയപരിധി അവസാനിച്ചു; ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് 27% വഖ്ഫ് സ്വത്തുക്കള്‍ മാത്രം
ന്യൂഡല്‍ഹി: ഇന്ത്യയിലെ 8 ലക്ഷം വഖ്ഫ് സ്വത്തുക്കളില്‍ ഉമീദ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് 27% വഖ്ഫ് സ്വത്തുക്കള്‍ മാത്രം. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തത് കര്‍ണാടകയിലാണ്. ഇവിടെ 81% എന്ന കണക്കോടെയാണ് ഏറ്റവും ഉയര്‍ന്ന രജിസ്‌ട്രേഷന്‍ രേഖപ്പെടുത്തി. ഷിയ, സുന്നി ബോര്‍ഡുകള്‍ക്ക് കീഴില്‍ ഏറ്റവും കൂടുതല്‍ വഖഫ് സ്വത്തുക്കള്‍ ഉള്ള ഉത്തര്‍പ്രദേശില്‍ യഥാക്രമം 5%, 11% എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍ കണക്കുകള്‍. പശ്ചിമ ബംഗാളില്‍ 80,480 സ്വത്തുക്കളില്‍ 716 എണ്ണം മാത്രമേ രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളൂ.
വിവാദപരമായ വഖ്ഫ് (ഭേദഗതി) നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ജൂണ്‍ 6 ന് ആരംഭിച്ച ഉമീദ് പോര്‍ട്ടലിനെതിരേ മുസ് ലിംസംഘടനകള്‍ രംഗത്തെത്തിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ രജിസ്‌ട്രേഷനെ ബാധിക്കുന്നുവെന്നും സമയപരിധി നീട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അതിനു തയ്യാറായില്ല. ഉമീദ് പോര്‍ട്ടലിന്റെ ആവര്‍ത്തിച്ചുള്ള തകരാറുകളും മന്ദഗതിയിലുള്ള പ്രവര്‍ത്തനവും ചൂണ്ടിക്കാട്ടി അഖിലേന്ത്യാ മുസ് ലിം വ്യക്തിനിയമ ബോര്‍ഡ് ബുധനാഴ്ച ന്യൂനപക്ഷകാര്യ സഹമന്ത്രിയുമായി അടിയന്തര കൂടിക്കാഴ്ച നടത്തി .
വെള്ളിയാഴ്ച, കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു സമയപരിധി പാലിക്കാത്തവര്‍ക്ക് മൂന്ന് മാസത്തെ പിഴ രഹിത കാലയളവ് പ്രഖ്യാപിച്ചിരുന്നു. അധികാരമുള്ള സംസ്ഥാന വഖ്ഫ് ട്രൈബ്യൂണലുകളില്‍ നിന്ന് അവര്‍ക്ക് സമയം നീട്ടിനല്‍കാമെന്നും പറഞ്ഞു.
