തൃശൂരില്‍ അമ്മയെ കൊലപ്പെടുത്തിയ മകളും കാമുകനും പിടിയില്‍

കൊലപാതകം സ്വര്‍ണാഭരണം തട്ടിയെടുക്കാന്‍

Update: 2025-11-25 03:43 GMT

തൃശൂര്‍: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകളും കാമുകനും പിടിയില്‍. തൃശൂര്‍ മുണ്ടൂരിലാണ് സംഭവം. മുണ്ടൂര്‍ സ്വദേശിനി തങ്കമണിയുടെ കൊലപാതകത്തിലാണ് മകള്‍ സന്ധ്യയെയും കാമുകനായ നിധിനെയും പോലിസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു തങ്കമണി(75)കൊല്ലപ്പെട്ടത്. തലയടിച്ചുവീണ് അമ്മ മരിച്ചുവെന്നാണ് സന്ധ്യ ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ ഇത് കൊലപാതകമാണെന്ന് തെളിഞ്ഞു.

മകള്‍ സന്ധ്യയും(45) അയല്‍വാസിയായ നിധിനും(27) ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. തങ്കമണിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം രാത്രി പറമ്പില്‍ കൊണ്ടിടുകയായിരുന്നു. തങ്കമണിയുടെ സ്വര്‍ണാഭരണം തട്ടിയെടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. തങ്കമണിയുടെ ഏക മകളാണ് സന്ധ്യ. ഇവര്‍ക്ക് ഭര്‍ത്താവും ഒരു മകനുമുണ്ട്. നിധിന്‍ അവിവാഹിതനാണ്. കൊലപാതകം നടത്തിയതിനു ശേഷം തലയടിച്ചു വീണ് മരിച്ചതാണെന്ന് ഭര്‍ത്താവിനെയും കുടുംബക്കാരെയും വിശ്വസിപ്പിക്കുകയായിരുന്നു.