പ്രശ്‌നങ്ങളൊഴിവാക്കാന്‍ പൂജാരിക്ക് ദര്‍ശിത രണ്ടുലക്ഷം നല്‍കിയെന്ന് പോലിസ്
ഇരിക്കൂര്‍: കല്യാട് ചുങ്കസ്ഥാനത്തെ മോഷണംനടന്ന വീട്ടിലെ ദര്‍ശിത (22) കര്‍ണാടക ഹുന്‍സൂരിലെ ലോഡ്ജ് മുറിയില്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് പൂജാരിക്ക് രണ്ടുലക്ഷം രൂപ നല്‍കിയതായി അന്വേഷണസംഘം കണ്ടെത്തി. ഹുന്‍സൂരിലെ പൂജാരിയുടെ വീട്ടില്‍നിന്ന് ഈ പണം കണ്ടെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എ പി സുഭാഷിന്റെ ഭാര്യയായ ദര്‍ശിതയുടെ കല്യാട്ടെ ഭര്‍തൃവീട്ടില്‍നിന്ന് രണ്ടരവയസ്സുള്ള മകള്‍ അരുന്ധതിക്കൊപ്പം ഹുന്‍സൂരിലെ സ്വന്തം വീട്ടിലേക്ക് പോയത്. അന്നുതന്നെ കല്യാട്ടെ വീട്ടില്‍നിന്ന് 30 പവനും നാലുലക്ഷം രൂപയും മോഷണം പോയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ സ്വന്തം വീട്ടിലെത്തിയ ദര്‍ശിത ശനിയാഴ്ച രാവിലെയാണ് വീടിന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരി ജനാര്‍ദനയെ കണ്ട് രണ്ടുലക്ഷം രൂപ ഏല്‍പ്പിച്ചത്.
ഭാവിയില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലാതിരിക്കാന്‍ വീട്ടില്‍ പൂജ നടത്താനാണ് രണ്ടുലക്ഷം രൂപ പൂജാരിക്ക് നല്‍കിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, പൂജ നടത്താനുള്ള തീയതിയൊന്നും നിശ്ചയിച്ചിരുന്നില്ല. പണം കൈപ്പറ്റിയെന്ന് അന്വേഷണസംഘത്തോട് ജനാര്‍ദന സമ്മതിച്ചു. പൂജാരിയെ പണം ഏല്‍പ്പിച്ചശേഷം ദര്‍ശിത സുഹൃത്ത് സിദ്ധരാജുവിനൊപ്പം പോയി. അന്നു വൈകീട്ടാണ് സാലിഗ്രാമിലെ ലോഡ്ജ്മുറിയില്‍ ദര്‍ശിതയെ കൈകള്‍ കെട്ടിയിട്ട് വായില്‍ ഡിറ്റനേറ്റര്‍ കുത്തിത്തിരുകി പൊട്ടിച്ച് സിദ്ധരാജു കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നിലെ കാരണത്തെക്കുറിച്ച് പോലീസിന് ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ദര്‍ശിത നാട്ടില്‍നിന്ന് വന്ന ദിവസം രണ്ടുലക്ഷം രൂപ നല്‍കിയതായി നേരത്തേ സിദ്ധരാജുവും പോലീസിനോട് സമ്മതിച്ചിരുന്നു. എന്നാല്‍, കല്യാട്ടുനിന്ന് മോഷണം പോയ പണമാണോ സിദ്ധരാജുവിനും പൂജാരിക്കും നല്‍കിയതെന്നതിനെക്കുറിച്ച് വ്യക്തത വരാനുണ്ട്.
