ഏഴുവയസുകാരനെ പീഡിപ്പിച്ച നൃത്താധ്യാപകന് 52 വര്‍ഷം കഠിനതടവ്

Update: 2025-06-28 13:40 GMT

തിരുവനന്തപുരം: ഏഴു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച നൃത്താധ്യാപകനെ 52 വര്‍ഷം കഠിനതടവിനും 3.25 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു. കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടില്‍ സുനില്‍ കുമാറി (46)നെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നര വര്‍ഷം വെറുംതടവ് അനുഭവിക്കണം. പിഴത്തുക കുട്ടിക്ക് നല്‍കണം. അധ്യാപകനായ പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും അധ്യാപകന്‍ എന്ന നിലയില്‍ കുട്ടികള്‍ നല്‍കിയ വിശ്വാസത്തെയാണ് പ്രതി നഷ്ടപ്പെടുത്തിയതെന്നും വിധിന്യായത്തില്‍ പറയുന്നു. മറ്റൊരു പന്ത്രണ്ടു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിലും സുനില്‍കുമാര്‍ പ്രതിയാണ്.

2017-19 കാലത്താണ് കുട്ടി നൃത്തം പഠിക്കാന്‍ പോയത്. ഈ സമയത്തായിരുന്നു പലവട്ടം ലൈംഗികചൂഷണം നടന്നത്. ഇതേത്തുടര്‍ന്ന് നൃത്തം പഠിക്കാന്‍ പോകുന്നില്ലെന്ന് കുട്ടി വീട്ടുകാരോട് പറഞ്ഞു. എന്നാല്‍ മടിയാണെന്ന് കരുതി വീട്ടുകാര്‍ വീണ്ടും കുട്ടിയെ ക്ലാസിന് വിട്ടു. പ്രതിയുടെ ഭീഷണിയെത്തുടര്‍ന്ന് കുട്ടി കാരണം പുറത്തുപറഞ്ഞിരുന്നില്ല. അനുജനെയും നൃത്തപഠനത്തിന് വിടാന്‍ വീട്ടുകാര്‍ ഒരുങ്ങിയപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്.