ദലിതര്‍ മുടിവെട്ടാനെത്തി; ബാര്‍ബര്‍ഷോപ്പുകള്‍ അടച്ച് ഉടമകള്‍; അയിത്ത ആചരണമെന്ന് പോലിസ്
ബെംഗളൂരു: കര്‍ണാടകത്തിലെ കൊപ്പല്‍ ജില്ലയിലെ മുദ്ദബല്ലി ഗ്രാമത്തിലെ ബാര്‍ബര്‍ ഷോപ്പുകള്‍ പൂട്ടി. ദലിതര്‍ മുടിവെട്ടിക്കാനെത്തിയതോടെയാണ് സംഭവമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. കൊപ്പല്‍ ജില്ലാ ആസ്ഥാനത്ത് നിന്നും വെറും ഏഴു കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്താണ് അയിത്തം ആചരിച്ചിരിക്കുന്നത്. സംഭവം അറിഞ്ഞ് പോലിസ് പ്രദേശത്ത് ബോധവല്‍ക്കരണം നടത്തി. ഇത് അയിത്തം ആചരിക്കുന്നതാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും പോലിസ് പ്രഖ്യാപിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് ബോധം വച്ചെന്നും എല്ലാവര്‍ക്കും സേവനം നല്‍കുമെന്നും ബാര്‍ബര്‍ ഷോപ്പ് ഉടമകള്‍ പോലിസിനെ അറിയിച്ചെങ്കിലും കടകള്‍ അടച്ചിടുകയായിരുന്നു. സ്ഥിരക്കാര്‍ക്ക് വീട്ടില്‍ എത്തിയാണ് സേവനം നല്‍കുന്നത്. കടകള്‍ അടച്ചതിനാല്‍, ദലിതര്‍ ഇപ്പോള്‍ മറ്റുപ്രദേശങ്ങളില്‍ പോയാണ് താടിയും മീശയും മുടിയും മുറിക്കുന്നത്.