ദലിത് യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവം; പോലിസുദ്യോഗസ്ഥര്‍ക്കെതിരേ കേസ്

Update: 2025-12-01 08:10 GMT

ബെംഗളൂരു: ദലിത് യുവാവ് പോലിസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പോലിസിനെതിരേ പരാതിയുമായി കുടുംബം. കൊറമംഗലയിലെ സൊന്നെനഹള്ളിയില്‍ നിന്നുള്ള 25 വയസ്സുള്ള ദലിത് യുവാവിനെയാണ് പോലിസ് സ്‌റ്റേഷനില്‍ മര്‍ദ്ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മദ്യപാനത്തിന് അടിമയായിരുന്ന ദര്‍ശനെ നവംബര്‍ 12 നാണ് പോലിസ് കസ്റ്റഡിയിലെടുക്കുന്നത്. മദ്യപിച്ച ദര്‍ശനും കുറച്ച് പേരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് പോലിസ് അറസ്റ്റിലേക്ക് കടന്നത്. ദര്‍ശനെ ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദേശമുണ്ടായിട്ടും അവര്‍ അയാളെ അവിടേക്കുമാറ്റിയില്ലെന്ന് കുടുംബം ആരോപിക്കുന്നു. തുടര്‍ന്ന് കുടുംബം പോലിസ് സ്‌റ്റേഷനില്‍ ബന്ധപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ കുടുംബത്തെ തടയുകയായിരുന്നു. ലഹരിവിമുക്ത കേന്ദ്രത്തിലേക്ക് കൊണ്ടുപോകാമെന്ന് താന്‍ നിര്‍ബന്ധിച്ചിട്ടും പ്രവേശനത്തിന് 2,500 രൂപ ആവശ്യപ്പെട്ടതായി ദര്‍ശന്റെ മാതാവ് പറയുന്നു.

മൂന്ന് ദിവസത്തിന് ശേഷം, വിവേക്‌നഗര്‍ പോലിസ് അദ്ദേഹത്തെ അടകമാരനഹള്ളിയിലെ പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കാന്‍ ഏര്‍പ്പാട് ചെയ്തതായി അറിയിച്ചു. എന്നാല്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ മകന്‍ അവിടെയുണ്ടായില്ലെന്നും ആശുപത്രിയിലേക്കുമാറ്റിയെന്നും പോലിസ് പറഞ്ഞു. പിന്നീടാണ് ദര്‍ശന്‍ മരിച്ചെന്ന വാര്‍ത്ത വന്നതെന്ന് കുടുംബം പറയുന്നു.

പ്രാഥമിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍, മാടനായകനഹള്ളി പോലിസ് എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ ബിഎന്‍എസ് 103(1) (കൊലപാതകം), ബിഎന്‍എസ് 127(3) എന്നിവ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ബെംഗളൂരു ജില്ലാ പോലിസ് സൂപ്രണ്ട് സികെ ബാബ പറഞ്ഞു. വിവേക്‌നഗര്‍ ഇന്‍സ്‌പെക്ടര്‍, ഒരു പോലിസ് കോണ്‍സ്റ്റബിള്‍, മറ്റ് രണ്ട് പേര്‍ എന്നിവരുടെ പേരുകള്‍ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. കൂടുതല്‍ അന്വേഷണത്തിനായി കേസ് സിഐഡിക്ക് കൈമാറി.

Tags: