യുപിയില്‍ ദലിത് യുവാവിനെ തല്ലിക്കൊന്ന സംഭവം; നാലുപേര്‍ കൂടി അറസ്റ്റില്‍

Update: 2025-10-09 07:37 GMT

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലി ജില്ലയിലെ ഉഞ്ചഹാറില്‍ ദലിത് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ നാലുപേര്‍ കൂടി അറസ്റ്റിലായി. സംഭവത്തില്‍ കഴിഞ്ഞ ദിവസം അഞ്ചുപേരെ അറസ്റ്റു ചെയ്തിരുന്നു. ഇതോടെ കേസില്‍ ഒമ്പതുപേര്‍ അറസ്റ്റിലായി. പ്രതികള്‍ക്കെതിരെ യുപി ഗുണ്ടാ, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിലെയും ദേശീയ സുരക്ഷാ നിയമത്തിലെയും (എന്‍എസ്എ) വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി പോലിസ് പറഞ്ഞു.

ദണ്ഡേപൂര്‍ സ്വദേശിയായ ഹരിയോം എന്നയാളെയാണ് നാട്ടുകാര്‍ ചേര്‍ന്ന് തല്ലികൊന്നത്. 'ഡ്രോണ്‍ മോഷ്ടാവ്' ആണെന്നു പറഞ്ഞാണ് നിരപരാധിയായ ഒരാളെ ഒരുകൂട്ടം ആളുകള്‍ തല്ലികൊന്നത്. വടികളും ബെല്‍റ്റുകളും ഉപയോഗിച്ചായിരുന്നു അക്രമം. തന്റെ മകന്‍ കൊല്ലപ്പെട്ടെന്ന വിവരം തങ്ങള്‍ക്ക് ലഭിച്ചത് ഒക്ടോബര്‍ രണ്ടിനാണെന്നും കൊലയാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും അവരുടെ വീടുകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റണമെന്നും ഹരിയോമിന്റെ പിതാവ് പറഞ്ഞു.

ഹരിയോമിന്റെ കൊലപാതകം യുപിയില്‍ വലിയ രീതിയില്‍ പ്രതിഷേധത്തിനു കാരണമായി. ദലിതരുടെയും അരികുവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതില്‍ ബിജെപി നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

Tags: