ദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ച സംഭവം; തനിക്കെതിരേ അധിക്ഷേപം നടത്തിയത് മൂന്നു പോലിസുകാരെന്ന് ബിന്ദു
തിരുവനന്തപുരം: വ്യാജമോഷണകേസില്‍ കസ്റ്റഡിയിലെടുത്ത് അധിക്ഷേപം നടത്തിയ പോലിസുകാര്‍ക്കതിരായ നടപടിയില്‍ പ്രതികരണവുമായി പരാതിക്കാരി ബിന്ദു. എസ്‌ഐ പ്രസാദിനെയും എഎസ്‌ഐ പ്രസന്നനെയും സസ്‌പെന്‍ഡ് ചെയ്തതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ മൂന്നാമതൊരു പോലിസ് ഉദ്യോഗസ്ഥന്‍ ഉണ്ടെന്നും ഇയാള്‍ക്കെതിരെയും നടപടി വേണമെന്നും ബിന്ദു പറഞ്ഞു.
അതേസമയം സ്വര്‍ണം മോഷ്ടിച്ചെന്ന് പരാതി നല്‍കിയ ഓമനക്കെതിരെയും പരാതിയുമായി മുന്നോട്ട് പോകുമെന്ന് ബിന്ദു വ്യക്തമാക്കി. തന്റെ ഉപജീവനമാര്‍ഗം തകര്‍ത്തു കളഞ്ഞ ഓമനക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കും. അന്തസായി ജീവിക്കണം. മക്കളെ വളര്‍ത്തണം. ആ ഒരു ആഗ്രഹം മാത്രമാണ് ഉള്ളതെന്നും ബിന്ദു കൂട്ടിചേര്‍ത്തു.
സ്വര്‍ണ മാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുടമ ഓമന നല്‍കിയ പരാതിയിലാണ് ദലിത് സ്ത്രീയെ കസ്റ്റഡിയിലെടുത്ത് പോലിസ് മാനസികമായി പീഡിപ്പിച്ചത്. 20 മണിക്കൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയെന്നും ഭക്ഷണവും വെള്ളവും ഉറക്കവും നിഷേധിച്ചെന്നും കുറ്റം സമ്മതിച്ചില്ലെങ്കില്‍ കുടുംബം മുഴുവന്‍ അകത്താകും എന്ന് ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ആരോപണം.