ചണ്ഡീഗഡ്: സ്വയം വെടിവച്ചു മരിച്ച ദലിത് ഐപിഎസ് ഓഫീസര്‍ വൈ പുരണ്‍ കുമാറിന്റെ കുടുംബം എഫ്ഐആറില്‍ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് ഹരജി നല്‍കി. ആത്മഹത്യാ പ്രേരണ, പട്ടികജാതി/പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമം എന്നീ വകുപ്പുകള്‍ ചുമത്തി ഹരിയാനയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ചണ്ഡീഗഡ് പോലിസ് സമര്‍പ്പിച്ച എഫ്ഐആറില്‍ തൃപ്തിയില്ലാത്തതിനാലാണ് ഹരജി നല്‍കിയത്. പ്രതികളുടെ പേരുകള്‍ എഫ്ഐആറില്‍ 'വ്യക്തമായി പരാമര്‍ശിച്ചിട്ടില്ല' എന്നും 'ന്യായവും സുതാര്യവുമായ അന്വേഷണത്തിന് ആവശ്യമായ വിശദാംശങ്ങള്‍ രേഖയില്‍ ഇല്ല' എന്നുമാണ് കുടുംബത്തിന്റെ പരാതി.
ചണ്ഡീഗഢ് സീനിയര്‍ പോലിസ് സൂപ്രണ്ടിനയച്ച കത്തിലാണ്, പുരണ്‍ കുമാറിന്റെ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ അമ്‌നീത് പി കുമാര്‍ പരാതി ഉന്നയിച്ചത്. രണ്ട് പ്രതികളായ ശത്രുജീത് കപൂര്‍ (ഹരിയാന ഡിജിപി), നരേന്ദ്ര ബിജാര്‍നിയ (റോഹ്തക് എസ്പി) എന്നിവരുടെ പേരുകള്‍ എഫ്ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് ഒക്ടോബര്‍ 8 ന് സമര്‍പ്പിച്ച പരാതിയില്‍ അമ്‌നീത് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പുരണ്‍ കുമാറിന്റെ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരേയും ഭാരതീയ ന്യായ സംഹിതയിലെയും എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ചണ്ഡീഗഡ് പോലിസ് പ്രസ്താവനയില്‍ പറഞ്ഞു . കൂടുതല്‍ അന്വേഷണം നടന്നുവരുകയാണെന്നും ചണ്ഡീഗഡ് പോലിസ് കൂട്ടിച്ചേര്‍ത്തു.
പുരണ്‍ കുമാറിന്റെ ആത്മഹത്യക്കുറിപ്പില്‍, തന്റെ മരണത്തിന് നിലവിലെ ഹരിയാന ഡിജിപി ഉള്‍പ്പെടെ സംസ്ഥാനത്തെ 11 ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ അദ്ദേഹം പരാമര്‍ശിച്ചിരുന്നു. ഒക്ടോബര്‍ 7ന് ചണ്ഡീഗഡിലെ തന്റെ സ്വകാര്യ വസതിയില്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് അദ്ദേഹം ആത്മഹത്യ ചെയ്തു.
നിര്‍ദ്ദിഷ്ട എഫ്ഐആര്‍ രൂപഘടന അനുസരിച്ച്, എല്ലാ പ്രതികളുടെയും പേരുകള്‍ ഏഴാം നമ്പര്‍ കോളത്തിനു കീഴില്‍ വ്യക്തമായി പട്ടികപ്പെടുത്തിയിരിക്കണമെന്നും അത് പാലിച്ചിട്ടില്ലെന്നും പുരണ്‍ കുമാറിന്റെ വിധവ അമ്‌നീത് ചൂണ്ടിക്കാട്ടി. 'അതിനാല്‍, ശരിയായ വിഭാഗത്തില്‍ എല്ലാ കുറ്റാരോപിതരായ വ്യക്തികളുടെയും പേരുകള്‍ കൃത്യമായി പ്രതിഫലിപ്പിക്കുന്ന തരത്തില്‍ എഫ്ഐആര്‍ ഭേദഗതി ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.'
'എസ്സി/എസ്ടി നിയമത്തിലെ നേര്‍പ്പിച്ച വകുപ്പുകള്‍ ഭേദഗതി ചെയ്യണമെന്നും' അമ്‌നീത് തന്റെ കത്തില്‍ അടിവരയിട്ടു പറഞ്ഞു.
'എഫ്ഐആറില്‍ എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം പരാമര്‍ശിച്ചിരിക്കുന്ന വകുപ്പ് നേര്‍പ്പിച്ചിരിക്കുന്നു. ഈ കേസില്‍ ബാധകമായ ഉചിതമായ വകുപ്പ് ഭേദഗതി ചെയ്ത എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ സെക്ഷന്‍ 3(2)(്) ആണ്. ശരിയായ നിയമ വ്യവസ്ഥകള്‍ പ്രയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അതനുസരിച്ച് വകുപ്പുകള്‍ ചേര്‍ക്കണം.'
1989 ലെ എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ സെക്ഷന്‍ 3(2)(്) പ്രകാരം, ഇര പട്ടികജാതി അല്ലെങ്കില്‍ പട്ടികവര്‍ഗ (എസ്സി/എസ്ടി) അംഗമായതിനാല്‍ മാത്രം കുറ്റകൃത്യം ചെയ്യുന്ന ആര്‍ക്കും ജീവപര്യന്തം തടവും പിഴയും ലഭിക്കാന്‍ സാധ്യതയുണ്ട്.
കൂടാതെ, പോലിസ് കണ്ടെടുത്ത 'അവസാന കുറിപ്പിന്റെ' (ആത്മഹത്യക്കുറിപ്പ്) രണ്ട് പകര്‍പ്പുകള്‍ - ഒന്ന് മരിച്ചയാളുടെ പോക്കറ്റില്‍നിന്നും മറ്റൊന്ന് ലാപ്ടോപ്പ് ബാഗില്‍നിന്നും - 'എഫ്ഐആറില്‍ പരാമര്‍ശിച്ചിരിക്കുന്ന പതിപ്പുമായി താരതമ്യം ചെയ്യാന്‍' ഇതുവരെ തനിക്ക് നല്‍കിയിട്ടില്ലെന്നും അമ്‌നീത് പരാതിപ്പെട്ടു.
ഒക്ടോബര്‍ 8ന് ചണ്ഡീഗഡ് പോലിസില്‍ നല്‍കിയ പരാതിയില്‍ അമ്‌നീത് തന്റെ ഭര്‍ത്താവിന്റെ മരണം ഒരു സാധാരണ ആത്മഹത്യയല്ലെന്നും മറിച്ച് എസ്സി സമുദായത്തില്‍നിന്നുള്ള ഉദ്യോഗസ്ഥനായ തന്റെ ഭര്‍ത്താവിനെ ശക്തരും ഉന്നതരുമായ ഉദ്യോഗസ്ഥര്‍ അവരുടെ സ്ഥാനങ്ങള്‍ ഉപയോഗിച്ച് 'മാനസികമായി പീഡിപ്പിക്കാന്‍' ശ്രമിച്ചതിന്റെ നേരിട്ടുള്ള ഫലമാണെന്നും പറഞ്ഞു. സംഭവത്തില്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് ചണ്ഡീഗഡ് പോലിസില്‍ നിന്ന് നടപടി റിപോര്‍ട്ട് ആവശ്യപ്പെട്ടു.
ദലിത് പോലിസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ രാജ്യമെമ്പാടും പ്രതിഷേധത്തിന് കാരണമായതോടെ ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെതിരേ കടുത്ത പൊതുജനരോഷം ഉയര്‍ന്നിട്ടുണ്ട്. ദലിത് സംഘടനകള്‍ മുതല്‍ മുതിര്‍ന്ന പ്രതിപക്ഷ നേതാക്കള്‍ വരെ സത്വര നടപടികള്‍ ആവശ്യപ്പെട്ട് രംഗത്തുവന്നു.
'ജാതിയുടെ പേരില്‍ മനുഷ്യരാശിയെ തകര്‍ക്കുന്ന സാമൂഹിക വിഷത്തിന്റെ ആഴമേറിയ പ്രതീകമാണ് ഹരിയാന ഐപിഎസ് ഓഫിസര്‍ വൈ പുരണ്‍ കുമാറിന്റെ ആത്മഹത്യ. ഒരു ഐപിഎസ് ഓഫിസര്‍ ജാതിയുടെ പേരില്‍ അപമാനവും അനീതിയും നേരിടുമ്പോള്‍, ഒരു സാധാരണ ദലിതന് എന്ത് അനുഭവിക്കേണ്ടിവരുമെന്ന് സങ്കല്‍പ്പിക്കുക' എന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
ബിജെപിയുടെ മനുവാദി സമ്പ്രദായം രാജ്യത്തെ എസ്സി, എസ്ടി, ഒബിസി, ദുര്‍ബല വിഭാഗങ്ങള്‍ക്ക് ഒരു ശാപമായി മാറിയിരിക്കുന്നു എന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എഴുതി.
ഹരിയാനയിലെ മുതിര്‍ന്ന ദലിത് ഐപിഎസ് ഉദ്യോഗസ്ഥനായ എഡിജിപി വൈ പുരണ്‍ കുമാറിന്റെ നിര്‍ബന്ധിത ആത്മഹത്യയുടെ വാര്‍ത്ത ഞെട്ടിപ്പിക്കുന്നതിനൊപ്പം സാമൂഹിക അനീതിക്കും മനുഷ്യത്വമില്ലായ്മയ്ക്കും ഉള്ള ഭയാനകമായ സാക്ഷ്യം കൂടിയാണെന്ന് ഖാര്‍ഗെ പറഞ്ഞു.സ്വതന്ത്ര അന്വേഷണം വേണമെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ ആവശ്യപ്പെട്ടു.
'ഹരിയാനയില്‍നിന്നുള്ള ദലിത് ഐപിഎസ് ഉദ്യോഗസ്ഥനായ പുരണ്‍ കുമാര്‍ ജാതിയുടെ പേരില്‍ വളരെയധികം പീഡനങ്ങള്‍ നേരിടേണ്ടി വന്നതിനാല്‍ അദ്ദേഹം ആത്മഹത്യ ചെയ്തു. കുറ്റവാളികള്‍ക്ക് എത്രയും വേഗം ഏറ്റവും കഠിനമായ ശിക്ഷ നല്‍കണം. രാജ്യത്തെ ചീഫ് ജസ്റ്റിസിന് നേരെ ഷൂ എറിഞ്ഞപ്പോള്‍, സോഷ്യല്‍ മീഡിയയിലെ അവരുടെ ട്രോളുകള്‍ ദലിതരെ അപമാനിക്കുന്നതാണ്. ബാബാ സാഹിബ് അംബേദ്കറെ പോലും അധിക്ഷേപിക്കുന്നതാണ്. ഇവര്‍ ഇന്ത്യയെ എവിടേക്കാണ് കൊണ്ടുപോവുന്നത്?' - ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ എക്‌സിലെ ഒരു പോസ്റ്റില്‍ ചോദിച്ചു.
കേസില്‍ വേഗത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന സിവില്‍ സര്‍വീസസ് ഓഫിസേഴ്സ് അസോസിയേഷന്‍ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനിക്ക് കത്തെഴുതി. ജൂനിയര്‍ റാങ്കിലുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ മേല്‍ അനാവശ്യ സ്വാധീനം ചെലുത്തുമെന്ന ആശങ്ക ലഘൂകരിക്കുന്നതിന് കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ താല്‍ക്കാലികമായി അധികാര സ്ഥാനങ്ങളില്‍നിന്ന് നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അസോസിയേഷന്‍ നിര്‍ദേശിച്ചു.
ഹരിയാന സര്‍ക്കാര്‍ സംസ്ഥാന ഡിജിപിയെ ദീര്‍ഘകാല അവധിയില്‍ അയച്ച് പകരം ഒരു ഡിജിപിയെ നിയമിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച് ഇതുവരെ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
അന്തരിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യക്കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്ന എല്ലാവരെയും ഉടന്‍ സസ്പെന്‍ഡ് ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നും അമ്‌നീത് മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
കേസില്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന 'ശക്തരായ ഉന്നത ഉദ്യോഗസ്ഥരില്‍' നിന്നുള്ള ഭീഷണികള്‍ ചൂണ്ടിക്കാട്ടി, ദുഃഖിതരായ കുടുംബത്തിന് ആജീവനാന്ത സുരക്ഷയും സംരക്ഷണവും ആവശ്യപ്പെട്ട കത്തില്‍ അമ്‌നീത് തന്റെ ഭര്‍ത്താവ് ആദരണീയനും സത്യസന്ധനുമായ ഒരു പോലിസ് ഉദ്യോഗസ്ഥനാണെന്നും അദ്ദേഹം സംസ്ഥാനത്തെ സത്യസന്ധതയോടെ സേവിച്ചുവെന്നും രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ നേടിയ വ്യക്തിയാണെന്നും വിശേഷിപ്പിച്ചു.
പട്ടികജാതി സമൂഹത്തിന് അദ്ദേഹം നല്‍കിയ ഗണ്യമായ സംഭാവനകളെ കത്തില്‍ എടുത്തുകാണിച്ചു.ഉദ്യോഗസ്ഥ നിഷ്‌ക്രിയത്വത്തില്‍ ദുഃഖം പ്രകടിപ്പിച്ച അമ്‌നീത്, ഹരിയാന പോലിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഭരണത്തിന്റെ തലപ്പത്തുള്ളവരും ചണ്ഡീഗഢ് പോലിസിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അതുവഴി കേസിന്റെ പുരോഗതി തടയാനും വഴിതിരിച്ചുവിടാനും ശ്രമിക്കുന്നുണ്ടെന്നും ആരോപിച്ചു. മരിച്ചയാളുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനുമായി 'ഉന്നത റാങ്കിലുള്ള ശക്തരായ ഉദ്യോഗസ്ഥര്‍' നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും കത്ത് മുന്നറിയിപ്പ് നല്‍കുന്നു.

