ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'മോന്‍ത' ചുഴലിക്കാറ്റ് കിഴക്കന്‍ തീരത്ത് ശക്തമായ കാറ്റും കനത്ത മഴയും വിതക്കുന്നു. ഇതുവരെ, 50,000 ത്തിലധികം ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ തീരദേശ മേഖലകളില്‍ കാലാവസ്ഥ മോശമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന്, അടിയന്തര സേവന ജീവനക്കാര്‍ക്കുള്ള അവധികള്‍ റദ്ദാക്കുകയും സ്‌കൂളുകളും കോളജുകളും അടച്ചിടാന്‍ ഉത്തരവിടുകയും ചെയ്തു.
ഒഡീഷയിലെ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആന്ധ്രപ്രദേശിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് കുടുംബങ്ങളെ മാറ്റാന്‍ ദുരന്ത നിവാരണ സേനകള്‍ പുറപ്പെട്ടിട്ടുണ്ട്. അവിടെ 3.9 ദശലക്ഷം ആളുകളെ ദുരന്തം ബാധിക്കാമെന്നാണ് വിലയിരുത്തല്‍.
ഹിമാലയന്‍ രാജ്യമായ നേപ്പാളില്‍ ചൊവ്വാഴ്ച മുതല്‍ വെള്ളി വരെ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. തമിഴ്നാട്ടിലെ ചില ജില്ലകളില്‍ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നേപ്പാളിലുടനീളം കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഈ മാസം 53 പേരാണ് മരിച്ചത്.
ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റ് ശക്തമായ കൊടുങ്കാറ്റായി മാറുമെന്നും പിന്നീട് ആന്ധ്രപ്രദേശ് തീരം കടക്കുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് ചുഴലിക്കാറ്റുകള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. 1999 ഒക്ടോബറില്‍ ഒഡീഷയില്‍ ആഞ്ഞടിച്ച, ഏകദേശം 10,000 പേരുടെ മരണത്തിന് കാരണമായ സൂപ്പര്‍ സൈക്ലോണ്‍ ഇപ്പോഴും രാജ്യത്തെ ഏറ്റവും മാരകമായ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നാണ്.
