'മോന്‍ത ചുഴലിക്കാറ്റ്' ശക്തിപ്രാപിക്കാന്‍ സാധ്യത; കേരളത്തില്‍ മഴ കനക്കും

Update: 2025-10-28 02:14 GMT

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍ത ചുഴലിക്കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യത. ഇന്ന് ആന്ധ്രാപ്രദേശ് തീരത്ത് കാക്കിനടയ്ക്കു സമീപം 110 കിലോമീറ്റര്‍ വേഗത്തില്‍ കരതൊട്ടേക്കും. ഇതിനെ തുടര്‍ന്ന് കേരളത്തില്‍ ഇന്നും കനത്ത മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഏഴു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന്(ഒക്ടോബര്‍ 28)അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സിബിഎസ്സി, ഐസിഎസ്സി, കേന്ദ്രീയ വിദ്യാലയം, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റമുണ്ടായിരിക്കില്ല.

മണ്ണിടിച്ചില്‍ ദുരന്തബാധിതരുടെ ക്യാംപ് പ്രവര്‍ത്തിക്കുന്നതിനാല്‍ അടിമാലി ഗവണ്‍മെന്റ് ഹൈകൂളിലെ എല്‍പി, യുപി വിഭാഗങ്ങള്‍ക്ക് ഇന്ന് അവധിയാണ്. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ അടിമാലി-മൂന്നാര്‍ പാതയില്‍ അനിശ്ചിതകാലത്തേത്ത് യാത്രാനിരോധനമേര്‍പ്പെടുത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ജില്ലയിലൂടെ സഞ്ചരിക്കുന്നവര്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

Tags: