അറബിക്കടലില്‍ ന്യൂനമര്‍ദം; ബംഗാള്‍ ഉള്‍ക്കടലില്‍ 'മോന്ത' ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത

Update: 2025-10-24 11:29 GMT

കൊച്ചി: മധ്യ കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് വടക്കുകിഴക്കന്‍ ദിശയില്‍ നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് റിപോര്‍ട്ട്. മധ്യ കിഴക്കന്‍ അറബിക്കടലിനും അതിനോട് ചേര്‍ന്ന കര്‍ണാടക, വടക്കന്‍ കേരള തീരപ്രദേശങ്ങള്‍ക്കും മുകളിലുണ്ടായിരുന്ന ചക്രവാതച്ചുഴി ഇപ്പോള്‍ അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദവുമായി ചേര്‍ന്ന് ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ തുലാവര്‍ഷത്തിലെ ഇടിയോട് കൂടിയ മഴ ഇപ്പോള്‍ കാലവര്‍ഷ മഴയുടെ സ്വഭാവത്തിലേക്ക് മാറിയിരിക്കുകയാണ്.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടാല്‍ തായ്ലന്‍ഡ് നിര്‍ദേശിച്ച 'മോന്ത' എന്ന പേരിലാണ് ഇത് അറിയപ്പെടുക. തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും അതിനോട് ചേര്‍ന്ന ആന്റമാന്‍ കടലിന്റെയും മുകളിലുണ്ടായ ചക്രവാതച്ചുഴി ഇതിനകം തന്നെ ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇത് അടുത്ത ദിവസങ്ങളില്‍ പടിഞ്ഞാറ്-വടക്ക് ദിശയില്‍ നീങ്ങി കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്നും ഒക്ടോബര്‍ 25നകം തീവ്ര ന്യൂനമര്‍ദമാകുമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ഒക്ടോബര്‍ 27ഓടെ തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി ഇത് രൂപപ്പെടാന്‍ സാധ്യതയുണ്ട്.

കേരളത്തില്‍ അടുത്ത അഞ്ചുദിവസത്തേക്ക് നേരിയ മുതല്‍ ഇടത്തരം മഴയ്ക്കും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Tags: