കിങ്സ്റ്റണ്‍: മണിക്കൂറില്‍ 295 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച മെലിസ ചുഴലിക്കാറ്റ് ജമൈക്കയില്‍ കനത്ത നാശനഷ്ട്ട്ടം വിതച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തെക്കുപടിഞ്ഞാറന്‍ ജമൈക്കയില്‍ കാറ്റഗറി 5 തീവ്രതയുള്ള കൊടുങ്കാറ്റായ മെലിസ കരതൊട്ടത്. ശക്തമായ കാറ്റിനും പേമാരിക്കും പിന്നാലെ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായി.
വീടുകളും സ്‌കൂളുകളും ആശുപത്രികളും തകര്‍ന്നുവീണതായാണ് റിപോര്‍ട്ട്. തെരുവുകള്‍ മുഴുവന്‍ വെള്ളത്തില്‍ മുങ്ങി, ചില പ്രദേശങ്ങളില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. നാശനഷ്ടങ്ങളുടെ തോത് വലുതായിരുക്കുമെന്ന് പ്രധാനമന്ത്രി ആന്‍ഡ്രൂ ഹോള്‍നെസ് അറിയിച്ചു. ആശുപത്രികള്‍ക്കും പാര്‍പ്പിടങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും വന്‍നാശമുണ്ടായതായി അദ്ദേഹം വ്യക്തമാക്കി. സെന്റ് എലിസബത്ത് ഇടവകയിലാണ് ഏറ്റവും കനത്ത നാശനഷ്ടം രേഖപ്പെടുത്തിയത്.
സ്‌കൂളുകളും ആശുപത്രികളും വീടുകളും വ്യാപകമായി തകര്‍ന്നുവെങ്കിലും ഇതുവരെ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ദുരന്തനിവാരണ, അടിയന്തര മാനേജ്‌മെന്റ് ഓഫീസ് (ഒഡിപിഇഎം) ഡയറക്ടര്‍ ജനറല്‍ റിച്ചാര്‍ഡ് തോംസണ്‍ അറിയിച്ചു.
അതേസമയം, യുഎസ് നാഷണല്‍ ഹരിക്കേന്‍ സെന്ററിന്റെ (എന്‍എച്ച്‌സി) ഏറ്റവും പുതിയ വിലയിരുത്തല്‍ പ്രകാരം, മെലിസ 200 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുന്ന കാറ്റഗറി 3 ചുഴലിക്കാറ്റായി ദുര്‍ബലപ്പെട്ടു. ചുഴലിക്കാറ്റ് ഇപ്പോള്‍ ജമൈക്കയില്‍ നിന്ന് അകന്ന് കിഴക്കന്‍ ക്യൂബയിലേക്ക് നീങ്ങുകയാണ്. നിലവില്‍, ക്യൂബയിലെ ഗ്വാണ്ടനാമോയില്‍ നിന്ന് ഏകദേശം 160 മൈല്‍ തെക്കുപടിഞ്ഞാറായി മെലിസ സ്ഥിതിചെയ്യുന്നു. മണിക്കൂറില്‍ എട്ടുമൈല്‍ വേഗതയില്‍ വടക്കുകിഴക്ക് ദിശയിലേക്കാണ് നീങ്ങുന്നത്.
