ഫിലിപ്പീന്‍സില്‍ കല്‍മേഗി ചുഴലിക്കാറ്റ്; 114 പേര്‍ മരിച്ചു, 127 പേരേ കാണാതായി
മനില: ഫിലിപ്പീന്‍സില്‍ അതിതീവ്രതയോടെ വീശിയടിച്ച കല്‍മേഗി ചുഴലിക്കാറ്റ് വന്‍ നാശനഷ്ടം വിതച്ചു. നാലുദിവസത്തിനിടെ 114 പേരുടെ ജീവന്‍ നഷ്ടപ്പെടുകയും 127 പേരെ കാണാതാവുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. കൊടുങ്കാറ്റിനൊപ്പം ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് മരണങ്ങള്‍ക്ക് പ്രധാന കാരണം. ഏകദേശം 20 ലക്ഷം ആളുകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ ദുരന്ത നിവാരണ വിഭാഗവുമായി കൂടിക്കാഴ്ച നടത്തി. 5.6 ലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ചുഴലിക്കാറ്റ് ഏറ്റവും അധികം നാശം വിതച്ചത് മധ്യ ഫിലിപ്പീന്‍സിലെ സെബു പ്രവിശ്യയിലാണ്. വെള്ളപ്പൊക്കത്തില്‍ 49 പേര്‍ മുങ്ങിമരിച്ചതായി സിവില്‍ ഡിഫന്‍സ് ഓഫീസ് ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ ബെര്‍ണാഡോ റാഫലിറ്റോ അലജാന്‍ഡ്രോ അറിയിച്ചു. സെബുവിനടുത്തുള്ള നീഗ്രോസ് ഓക്സിഡന്റല്‍, നീഗ്രോസ് ഓറിയന്റല്‍ എന്നീ പ്രവിശ്യകളില്‍ നിന്നായി 62 പേരെ കാണാതായതായും റിപോര്‍ട്ടുണ്ട്.
തെക്കന്‍ ലുസോണിന്റെയും വടക്കന്‍ മിന്‍ഡാനാവോയുടെയും വിസയാസ് മേഖലയിലുടനീളം രണ്ടു ലക്ഷത്തിലധികം ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു. കനത്ത മഴയെത്തുടര്‍ന്ന് വീടുകള്‍ വെള്ളത്തിനടിയിലായതോടെ നൂറുകണക്കിന് കുടുംബങ്ങള്‍ വീടുകളുടെ മേല്‍ക്കൂരകളില്‍ കുടുങ്ങിയിരിക്കുകയാണ്. വൈദ്യുതി വിതരണം പൂര്‍ണമായും തടസപ്പെട്ടു. വിമാനസര്‍വീസുകളും ഫെറി സര്‍വീസുകളും റദ്ദാക്കി. ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങളിലുടനീളം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പോയ ഫിലിപ്പൈന്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതിനെത്തുടര്‍ന്ന് ആറു സൈനികര്‍ മരിച്ചു
കല്‍മേഗി, ഈ വര്‍ഷം ഫിലിപ്പീന്‍ ദ്വീപസമൂഹത്തെ ബാധിക്കുന്ന ഇരുപതാമത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ്. ബുധനാഴ്ച ഉച്ചയ്ക്ക് മുന്‍പ് ചുഴലിക്കാറ്റ് പടിഞ്ഞാറന്‍ പലാവാന്‍ പ്രവിശ്യ കടന്ന് ദക്ഷിണ ചൈനാ കടലിലേക്ക് നീങ്ങി. അവിടെ എത്തുമ്പോള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വിയറ്റ്‌നാം തീരം തൊടുമെന്നാണ് കണക്കാക്കുന്നത്. കല്‍മേഗി അടുക്കുന്നതോടെ വിയറ്റ്‌നാമിലും കര്‍ശന സുരക്ഷാ മുന്‍കരുതലുകള്‍ ആരംഭിച്ചു. മല്‍സ്യബന്ധന ബോട്ടുകള്‍ കരയിലേക്ക് മടങ്ങുകയും അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പുരോഗമിക്കുകയുമാണ്.
2013ല്‍ ഫിലിപ്പീന്‍സില്‍ ആഞ്ഞടിച്ച ടൈഫൂണ്‍ ഹയാന്‍ 7,300ലധികം പേരുടെ ജീവന്‍ കവര്‍ന്നിരുന്നു. കല്‍മേഗി ആ ദുരന്തത്തിനുശേഷം രാജ്യത്തെ ബാധിച്ച ഏറ്റവും ശക്തമായ ചുഴലിക്കാറ്റായി രേഖപ്പെടുത്തി.

