ന്യൂനമര്‍ദ്ദം അതിതീവ്രമായി; അടുത്ത 12 മണിക്കൂറില്‍ ശ്രീലങ്ക-ബംഗാള്‍ ഉള്‍ക്കടലില്‍ 'ഡിറ്റ്‌വാ' ചുഴലിക്കാറ്റിന് സാധ്യത
തിരുവനന്തപുരം: ശ്രീലങ്കക്കും ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു. അടുത്ത 12 മണിക്കൂറുകള്‍ക്കുള്ളില്‍ 'ഡിറ്റ്‌വാ' ചുഴലിക്കാറ്റായി രൂപാന്തരപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ശ്രീലങ്കയില്‍ കനത്ത കാറ്റോടു കൂടിയ ശക്തമായ മഴ ലഭിക്കും. നാളെയോടെ കാറ്റിന്റെയും മഴയുടെയും പ്രഭാവം തമിഴ്‌നാട് തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്നാണ് സൂചന. തമിഴ്‌നാട്-ആന്ധ്ര തീരമേഖലയില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ ഏഴു ജില്ലകളിലും പുതുച്ചേരിയിലും എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങളെ സജ്ജമാക്കിയതായി സര്‍ക്കാര്‍ അറിയിച്ചു.
കേരളത്തില്‍ ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയ്ക്കാണ് സാധ്യത. എന്നാല്‍ തമിഴ്‌നാട്ടിലേക്കുള്ള ശക്തമായ മഴയെത്തുടര്‍ന്ന് നദികളിലും തോടുകളിലും വെള്ളപ്പാച്ചില്‍ ഉയരാനിടയുള്ളതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അധികാരികള്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം, ഇന്തോനേഷ്യയുടെ കിഴക്കന്‍ മേഖലയിലുള്ള ചുഴലി തീവ്ര ന്യൂനമര്‍ദമായി ദുര്‍ബലപ്പെട്ടിരിക്കുകയാണെന്നും ഇത് കൂടുതല്‍ ശക്തി കുറഞ്ഞേക്കാമെന്നും അധികൃതര്‍ അറിയിച്ചു.