'ദിത്വ' ചുഴലിക്കാറ്റ് തമിഴ്നാട്-പുതുച്ചേരി തീരത്തേക്ക്; കനത്ത മഴയ്ക്കു സാധ്യത
ചെന്നൈ: തമിഴ്നാട്ടില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തമിഴ്നാടിന്റെ തീരപ്രദേശങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയും, മറ്റു പലയിടങ്ങളിലും കനത്ത മഴയും, ചിലയിടങ്ങളില്‍ നേരിയ മഴയും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കടലൂര്‍, മയിലാടുതുറൈ, വില്ലുപുരം, ചെങ്കല്‍പ്പേട്ട്, പുതുച്ചേരി എന്നിവിടങ്ങളില്‍ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച രാവിലെ മുതല്‍ ഞായറാഴ്ച രാവിലെ വരെ വടക്കന്‍ തമിഴ്നാട്, പുതുച്ചേരി തീരങ്ങളില്‍ മണിക്കൂറില്‍ 70-80 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.
'ദിത്വ' ചുഴലിക്കാറ്റ് പതുക്കെ വടക്കന്‍ തമിഴ്നാട് -പുതുച്ചേരി തീരത്തേക്ക് നീങ്ങുന്നതിനാല്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലും, പുതുച്ചേരി, കേരളം, തെലങ്കാന എന്നിവിടങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.