സൈബര്‍ തട്ടിപ്പ്; കണ്ണൂരില്‍ വയോധികയ്ക്ക് 1.58 കോടി രൂപ നഷ്ടമായി

Update: 2026-02-14 12:29 GMT

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്. കണ്ണൂര്‍ സിറ്റി സ്വദേശിനിയായ എഴുപത്തിയേഴുകാരി മീര സോമസുന്ദരത്തില്‍ നിന്നും 1.58 കോടി രൂപ തട്ടിയെടുത്തു. പഹല്‍ഗാം ഭീകരരുമായി ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. 1.58 കോടിക്ക് പുറമേ 50 ലക്ഷം രൂപ കൂടി അധികം നല്‍കാന്‍ ഒരുങ്ങുന്ന സമയത്താണ് സംഭവം ബാങ്ക് ജീവനക്കാരുടെ ശ്രദ്ധയില്‍പെടുന്നത്. പിന്നീട് പോലിസില്‍ അറിയിക്കുകയും കണ്ണൂര്‍ സൈബര്‍ പോലിസില്‍ പരാതിപ്പെടുകയും ചെയ്യുകയായിരുന്നു.

കഴിഞ്ഞ ജനുവരി ആദ്യ ആഴ്ചയിലാണ് സംഭവം. പരാതിക്കാരിയുടെ വാട്ട്സാപ്പിലേക്ക് സിബിഐയില്‍ നിന്നാണെന്ന് പറഞ്ഞ് സ്ഥിരമായി വീഡിയോ കോള്‍ വരാറുണ്ടായിരുന്നു. പഹല്‍ഗാം സംഭവവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടയാളുടെ താമസസ്ഥലത്ത് നിന്ന് പരാതിക്കാരിയുടെ ആധാര്‍ കാര്‍ഡ് കണ്ടെടുത്തിരുന്നുവെന്നും ഭീകരരില്‍ നിന്ന് പരാതിക്കാരി പണം സ്വീകരിച്ചിട്ടുണ്ടെന്നും വീഡിയോ കോള്‍ വഴി ഭീഷണിപ്പെടുത്താറുണ്ടെന്ന് എഫ്ഐആറിലുണ്ട്.

ഇവരുടെ പണം ഏതെങ്കിലും തരത്തില്‍ ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കൈപ്പറ്റിയുണ്ടോ എന്ന് തെളിയിക്കാനായി മുഴുവന്‍ പണവും പരിശോധിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സമയം വേണം. അതിനാല്‍ അക്കൗണ്ടിലുള്ള മുഴുവന്‍ പണവും കൈമാറണം. അങ്ങനെ ഘട്ടം ഘട്ടമായി വയോധികയുടെ പക്കല്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് ചെയ്തത്. 1.58 കോടി കൊടുത്തതിന് ശേഷം, സ്വര്‍ണം വിറ്റ് ബാക്കി 50 ലക്ഷം കൂടി കൊടുക്കാനുള്ള തത്രപ്പാടിലാണ് ബാങ്കിന്റെ ശ്രദ്ധയില്‍ പെടുന്നത്. സംശയാസ്പദമായ അക്കൗണ്ടുകളിലേക്ക് വലിയ തുകകള്‍ കൈമാറ്റം ചെയ്യപ്പെടുന്നത് ശ്രദ്ധിച്ച ബാങ്കാണ് പോലിസിനെ അറിയിച്ചത്. ഉടന്‍ കണ്ണൂര്‍ സൈബര്‍ പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. കണ്ണൂര്‍ സൈബര്‍ ക്രൈം ഇന്‍സ്പെക്ടര്‍ ബിനു മോഹനനാണ് അന്വേഷണച്ചുമതല. അന്വേഷണം ഊര്‍ജിതമാക്കിയതായി പോലിസ് അറിയിച്ചു.

Tags: