കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സി വി പദ്മരാജന്‍ (93) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മന്ത്രിസഭകളില്‍ അംഗമായിരുന്നു. ധനകാര്യം, വൈദ്യുതി അടക്കം സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. മന്ത്രിസ്ഥാനം രാജിവച്ചാണ് കെപിസിസി അധ്യക്ഷനായി. കരുണാകരന്‍ വിദേശത്ത് ചികിത്സയ്ക്ക് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചു. കൊല്ലം ജില്ലയിലെ പരവൂരില്‍ കെ വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി 1931 ജൂലൈ 22 ന് ജനിച്ചു. അഖില തിരുവിതാംകൂര്‍ വിദ്യാര്‍ത്ഥി കോണ്‍ഗ്രസ്സിലൂടെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് പൊതുപ്രവര്‍ത്തന രംഗത്തേക്ക് വന്നു. അധ്യാപകനായും അഭിഭാഷകനായും പ്രവര്‍ത്തിക്കുമ്പോള്‍ സജീവ രാഷ്ട്രീയം നിലനിര്‍ത്തിയിരുന്നു. 1982-ല്‍ നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍തന്നെ കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായി.