കസ്റ്റഡി മര്‍ദ്ദനം; നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല സമരം നടത്താനൊരുങ്ങി കോണ്‍ഗ്രസ്
തിരുവനന്തപുരം: കേരളത്തിലെ കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ പ്രതിഷേധം കടുപ്പിക്കുമെന്ന് കോണ്‍ഗ്രസ്. നിയമസഭാ കവാടത്തിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തുമെന്നാണ് പ്രഖ്യാപനം. രണ്ടു എംഎല്‍എമാര്‍ സത്യാഗ്രഹമിരിക്കും എന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. കസ്റ്റഡി മര്‍ദ്ദനങ്ങളില്‍ ആരോപണ വിധേയരായ പോലിസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കും വരെ നിയമസഭാ കവാടത്തില്‍ അനിശ്ചിതകാല നിരാഹാര സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. കുന്നംകുളം കേസിലെ ഉത്തരവാദികളായ പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണം. അതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് പറഞ്ഞ സതീശന്‍, മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്നും ആവശ്യപ്പെട്ടു.പോലിസിലെ ഏറാന്‍മൂളികള്‍ക്ക് സര്‍ക്കാര്‍ പ്രോല്‍സാഹനം കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സതീശന്‍ വിമര്‍ശിച്ചു. വൃത്തിക്കേടുകള്‍ക്ക് മുഴുവന്‍ പോലിസ് കൂട്ടുനില്‍ക്കുകയാണെന്നും ഏരിയ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേയും പോലിസിന് പേടിയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
മുഖ്യമന്ത്രി സ്റ്റാലിന്‍ ചമയാന്‍ ശ്രമിച്ചാല്‍ ചോദ്യം ചെയ്യുമെന്നും സതീശന്‍ പറഞ്ഞു. നിങ്ങള്‍ പോലിസുകാര്‍ക്ക് പൊളിറ്റിക്കല്‍ പ്രൊട്ടക്ഷന്‍ കൊടുക്കകയാണെന്നും പോലിസ് സാധാരണക്കരെ തല്ലിചതക്കുകയാണെന്നും സതീശന്‍ പറഞ്ഞു. നിങ്ങളുടെ പോലിസിന് എല്ലാവരെയും പേടിയാണ്. പ്രതിപക്ഷ നേതാവിന്റെയും എംഎല്‍എമാരുടെയും വീട്ടിലേക്ക് പോലിസ് വരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. നിങ്ങള്‍ സെല്‍ഭരണത്തെകുറിച്ച് കേരളത്തെ കൊണ്ടു പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
