ലോക്സഭാ തിരഞ്ഞെടുപ്പ് ; CUET-UG 2024 പരീക്ഷാ തിയ്യതി മാറ്റുമെന്ന് യുജിസി

Update: 2024-03-04 06:41 GMT
 

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (CUET-UG 2024) തീയതി മാറ്റുമെന്ന് യുജിസി ചെയര്‍മാന്‍ ജഗദീഷ് കുമാര്‍. മേയ് 15 മുതല്‍ 31 വരെ പരീക്ഷ നടത്തുമെന്നായിരുന്നു നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) പ്രഖ്യാപിച്ചിരുന്നത്. ജൂണ്‍ 30-ന് ഫലം പ്രസിദ്ധീകരിക്കുന്നതുൾപ്പടെയുള്ള പദ്ധതികളുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇത് മാറ്റി വെയ്ക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ തിയ്യതികള്‍ പ്രഖ്യാപിച്ച ശേഷം പരീക്ഷാതീയതി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും യുജിസി അറിയിച്ചു. മാര്‍ച്ച് 26 ആണ് കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റിന് അപേക്ഷിക്കാനുള്ള അവസാന തീയതി.കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷയായ CUET-UG 2022-ലാണ് ആരംഭിച്ചത്. സംസ്ഥാന സര്‍വകലാശാലകളും സ്വകാര്യ സര്‍വകലാശാലകളും ഇതില്‍ പങ്കുചേരാറുണ്ട്. ചില വിഷയങ്ങള്‍ക്ക് കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും, എഴുത്തുപരീക്ഷയും അടങ്ങുന്ന ഹൈബ്രിഡ് മോഡ് പരീക്ഷ നടത്താനാണ് എൻടിഎയുടെ തീരുമാനം . കൂടുതല്‍ അപേക്ഷകള്‍ ലഭിക്കുകയാണെങ്കില്‍ എഴുത്തുപരീക്ഷ ഒഎംആര്‍ മാതൃകയിലാകും നടത്തുക. കഴിഞ്ഞ വര്‍ഷം 14.9 ലക്ഷം അപേക്ഷകളാണ് ലഭിച്ചത്.

Tags: