പാലക്കാട്ട് ആദിവാസിയോട് ക്രൂരത; ആറു ദിവസം പട്ടിണിക്കിട്ട് ഫാംസ്റ്റേയിലെ മുറിയില്‍ അടച്ചിട്ടു
വെള്ളയന്‍ എന്ന ആദിവാസി മധ്യവയസ്‌കനാണ് ക്രൂരതക്കിരയായത്
പാലക്കാട്: മുതലമടയില്‍ ആദിവാസി മധ്യവയ്കനെ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയില്‍ താമസിക്കുന്ന വെള്ളയന്‍ എന്ന ആദിവാസി മധ്യവയസ്‌കനാണ് മര്‍ദനത്തിനിരയായത്. മദ്യം എടുത്ത് കുടിച്ചതിന്റെ പേരിലാണ് 54 കാരനെ മര്‍ദ്ദിച്ചതെന്നാണ് പരാതി. മുതലമട ഊര്‍ക്കുളം വനമേഖലയില്‍ ഫാംസ്റ്റേയിലെ ജീവനക്കാരനാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതിയില്‍ പറയുന്നത്.
കൂലി പണിയെടുത്ത് ജീവിക്കുന്ന വെള്ളയന്‍ ഫാം സ്റ്റേയിലും മറ്റിടത്തും പണിക്ക് പോകാറുണ്ട്. തേങ്ങ പെറുക്കുന്നതിനിടെ ഫാം സ്റ്റേയ്ക്ക് സമീപം കണ്ട മദ്യ കുപ്പിയില്‍ നിന്ന് വെള്ളയന്‍ മദ്യമെടുത്ത് കുടിച്ചതിന്റെ പേരിലാണ് ക്രൂരതയെന്നാണ് പരാതി. മദ്യം കുടിച്ചതിനെ ഫാം സ്റ്റേയിലെ ജീവനക്കാരന്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് വെള്ളയനെ മര്‍ദിച്ച് മുറിയില്‍ പൂട്ടിയിട്ടെന്നും, ആറു ദിവസത്തോളം അടച്ചിട്ട മുറിയില്‍ പട്ടിണിക്കിട്ടു, ഭക്ഷണമോ വെള്ളമോ നല്‍കാതെ മൂത്രമൊഴിക്കാന്‍ പോലും അനുവദിച്ചില്ലെന്നാണ് പരാതി.
പട്ടിണിയെതുടര്‍ന്ന് ക്ഷീണിതനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് മുതലമട പഞ്ചായത്ത് മെമ്പര്‍ കല്പനാദേവിയുടെ നേതൃത്വത്തില്‍ നാട്ടുകാരും പോലിസും ചേര്‍ന്നാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. ഏറെ സമയമെടുത്താണ് വാതില്‍ തകര്‍ത്ത് അകത്ത് കയറി വെള്ളയനെ രക്ഷപ്പെടുത്തിയതെന്ന് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു. കൊല്ലങ്കോട് ജില്ലാ ആശുപത്രിയിലെത്തി പോലിസ് വെള്ളയന്റെ മൊഴിയെടുത്തു.