മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ ആഗോള എണ്ണവിപണിയില്‍ വില കുത്തനെ ഉയര്‍ന്നു. ഇന്ന് ഏഷ്യന്‍ വിപണികള്‍ തുറന്നപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 102 ഡോളറിന് മുകളില്‍ എത്തി. വ്യാപാരം ആരംഭിച്ചതിന് പിന്നാലെ തന്നെ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 2.8 ശതമാനം വര്‍ധിച്ച് ബാരലിന് 103.08 ഡോളറായി. ഇന്ത്യന്‍ റിഫൈനറികള്‍ വാങ്ങുന്ന അസംസ്‌കൃത എണ്ണയുടെ വില മാര്‍ച്ച് 13നു 136.56 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.
സംഘര്‍ഷത്തിന് മുന്‍പ് ഇന്ത്യയിലേക്കുള്ള അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 70.86 ഡോളറായിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷം ശക്തമായതോടെ ഏകദേശം 93 ശതമാനം വര്‍ധനയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ വില കുതിച്ചുയരുമ്പോഴും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ എണ്ണക്കമ്പനികള്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ എണ്ണവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തി.
ഇതിനിടെ ഹോര്‍മുസ് കടലിടുക്കിലൂടെ കപ്പലുകള്‍ സുരക്ഷിതമായി കടന്നുപോയെന്ന റിപോര്‍ട്ടുകള്‍ വന്നതോടെ തിങ്കളാഴ്ച വിലയില്‍ നേരിയ ഇളവ് ഉണ്ടായിരുന്നു. യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന്‍ കടലിടുക്ക് അടച്ചതോടെയാണ് വിതരണ ആശങ്ക ഉയര്‍ന്നത്. പിന്നീട് നിയന്ത്രണത്തില്‍ ഭാഗിക ഇളവ് വരുത്തിയതും വിപണിയില്‍ പ്രതികരണങ്ങള്‍ സൃഷ്ടിച്ചു.