ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു

Update: 2026-03-05 06:55 GMT

മുംബൈ: പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നതിനിടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. എണ്ണ വിതരണത്തില്‍ പരിമിതികള്‍ നേരിടുകയും ചരക്ക് ഗതാഗത മാര്‍ഗങ്ങള്‍ തടസ്സപ്പെടുകയും ചെയ്തതോടെ വ്യാഴാഴ്ച ക്രൂഡ് ഓയില്‍ വില ഏകദേശം രണ്ടു ശതമാനം ഉയര്‍ന്നു. ആഗോള എണ്ണ വ്യാപാരത്തിന്റെ പ്രധാന സഞ്ചാര പാതയായ ഹോര്‍മുസ് കടലിടുക്ക് അടച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ലോകത്തിലെ എണ്ണ വിതരണത്തിന്റെ വലിയൊരു വിഹിതം ഈ ജലപാതയെ ആശ്രയിച്ചാണ് നടക്കുന്നത്. ഇറാനെതിരായ യുഎസ് ഇസ്രായേല്‍ സംഘര്‍ഷം കുത്തനെ വര്‍ധിച്ചതും നിര്‍ണായക ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളും സമീപകാല ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ വിതരണ തടസ്സങ്ങളിലേക്കാണ് നയിച്ചതെന്ന് കൊട്ടക് സെക്യൂരിറ്റീസ് പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു.

ഇറാന്റെ സായുധ വിഭാഗമായ ഇസ്‌ലാമിക് റെവല്യൂഷണറി ഗ്വാര്‍ഡ്‌സ് കോര്‍പ്‌സ് ഹോര്‍മുസ് കടലിടുക്ക് അടക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ഈ ജലപാതയിലൂടെ സഞ്ചരിക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ആക്രമിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ച ഒരു ചരക്ക് കപ്പല്‍ ആക്രമിക്കപ്പെട്ടതായും കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതോടെ ജീവനക്കാര്‍ക്ക് കപ്പല്‍ ഉപേക്ഷിച്ച് രക്ഷപ്പെടേണ്ടി വന്നതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും വര്‍ഷംതോറും 86 ദശലക്ഷം ടണ്‍ ലിക്വിഫൈഡ് നാച്ചുറല്‍ ഗ്യാസും (എല്‍എന്‍ജി) ഹോര്‍മുസ് കടലിടിക്കിലൂടെ കടന്നു പോകുന്നുവെന്നാണ് കണക്കുകള്‍. ഇത് ആഗോള എണ്ണ വ്യാപാരത്തിന്റെ ഏകദേശം 27 ശതമാനവും എല്‍എന്‍ജി വ്യാപാരത്തിന്റെ 20 ശതമാനവുമാണ്. ഹോര്‍മുസ് കടലിടുക്ക് നീണ്ടകാലത്തേക്ക് അടച്ചുപൂട്ടാന്‍ സാധ്യത കുറവാണെങ്കിലും ഏതാനും ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന തടസ്സം പോലും ആഗോള വിപണിയില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാമെന്ന് റിപോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിന്റെ ആദ്യ ലക്ഷണങ്ങള്‍ വിപണിയില്‍ ഇതിനകം പ്രകടമാണ്.

ലോകത്തിലെ പ്രധാന എല്‍എന്‍ജി കയറ്റുമതിക്കാരില്‍ ഒന്നായ ഖത്തര്‍ അവരുടെ ചില എല്‍എന്‍ജി പ്ലാന്റുകള്‍ അടച്ചുപൂട്ടിയതായി റിപോര്‍ട്ടുകളുണ്ട്. ഇതോടെ വിതരണ തുടര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകള്‍ കൂടുതല്‍ ശക്തമായി. നിലവിലെ സാഹചര്യങ്ങള്‍ ഇന്ത്യന്‍ വിപണിയിലും ആഘാതങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്. ആവശ്യമായ ക്രൂഡ് ഓയിലിന്റെ ഏകദേശം 90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. വിതരണ തടസ്സങ്ങളും അടച്ചുപൂട്ടലുകളും രാജ്യത്ത് ഇന്ധനവില വര്‍ധനവിന് കാരണമാകാം.

എണ്ണവിലയില്‍ ബാരലിന് ഒരു ഡോളര്‍ വര്‍ധിച്ചാല്‍ ഇന്ത്യയുടെ വാര്‍ഷിക ഇറക്കുമതി ചെലവ് ഏകദേശം 16,000 കോടി രൂപ വരെ വര്‍ധിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യയിലെത്തുന്ന ക്രൂഡ് ഓയിലും എല്‍എന്‍ജിയും ഏകദേശം 50 മുതല്‍ 55 ശതമാനം ഹോര്‍മുസ് കടലിടിക്കിലൂടെയാണ് എത്തുന്നത്. അതിനാല്‍ ഈ ജലപാതയില്‍ ഉണ്ടാകുന്ന ഏതൊരു തടസ്സവും ഇന്ത്യയെ ഗൗരവമായി ബാധിക്കാനിടയുണ്ടെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ, പ്രതിസന്ധി പശ്ചാത്തലത്തില്‍ രാജ്യത്തെ ഇന്ധന, എണ്ണ ശേഖരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി റിപോര്‍ട്ടുകളുണ്ട്. പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികളുടെ കൈവശം ഏകദേശം 25 ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണയും അത്രത്തോളം ദിവസത്തേക്കുള്ള പെട്രോളും ഡീസലും ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ ഏകദേശം 25 ദിവസത്തേക്കുള്ള പാചക വാതകവും 21 ദിവസത്തേക്കുള്ള എല്‍എന്‍ജി ശേഖരവും രാജ്യത്തുണ്ടെന്നും വ്യക്തമാക്കി.

Tags: