കൈയ്യേറ്റ ഭൂമിയെന്ന് ആരോപിക്കപ്പെടുന്ന സ്ഥലത്ത് കുരിശ് സ്ഥാപിച്ചു

Update: 2025-03-10 03:31 GMT

ഇടുക്കി: പരുന്തുംപാറയില്‍ കൈയ്യേറ്റ ഭൂമിയെന്ന് ആരോപിക്കപ്പെടുന്ന ഭൂമിയില്‍ കുരിശ് നിര്‍മിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് എന്നയാളുടെ റിസോര്‍ട്ടുള്ള ഭൂമിയിലാണ് കുരിശ് നിര്‍മിച്ചിരിക്കുന്നത്. പ്രദേശത്ത് സ്‌റ്റോപ്പ് മെമ്മോ നല്‍കിയ ജില്ലാ കലക്ടറുടെ ഉത്തരവ് മറികടന്നാണ് കുരിശ് നിര്‍മ്മാണം നടന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാണ് സജിത്ത് ജോസഫ് റിസോര്‍ട്ട് നിര്‍മിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ റിപോര്‍ട്ട് നല്‍കിയിരുന്നു.

ഇതേതുടര്‍ന്ന് പരുന്തുംപാറയിലെ കൈയ്യേറ്റ ഭൂമികള്‍ കേന്ദ്രീകരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് കുരിശ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മറ്റൊരു സ്ഥലത്ത് വെച്ച് നിര്‍മിച്ച കുരിശ് വിവാദമായ ഭൂമിയില്‍ സ്ഥാപിക്കുകയാണ് ചെയ്തതെന്നാണ് റവന്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്. പരുന്തുംപാറ, വാഗമണ്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഏഴ് പേര്‍ക്കെതിരെ പോലിസ് കേസെടുത്തിട്ടുണ്ട്.