കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയാന്‍ ആധാര്‍ അതോറിറ്റിയുടെ സഹായം തേടുമെന്ന് ക്രൈംബ്രാഞ്ച്
കോഴിക്കോട്: എട്ടുവര്‍ഷം മുമ്പ് പയിമ്പ്ര പോലൂര്‍ ക്ഷേത്രത്തിനു സമീപം കത്തിയെരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാന്‍ ആധുനിക സാങ്കേതിക ഡിജിറ്റല്‍ തെളിവു തേടി ക്രൈംബ്രാഞ്ച്. മൃതദേഹത്തില്‍ നിന്ന് എടുത്ത സാമ്പിളുകള്‍ ആധാര്‍ കാര്‍ഡിന്റെ ഏജന്‍സിയായ യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യക്ക്(യുഐഡിഎഐ) നല്‍കാനാണ് തീരുമാനം. ഹൈക്കോടതിയുടെ അനുമതി ലഭിച്ചാല്‍ സാംപിള്‍ പരിശോധനക്ക് അയയ്ക്കാനാവും.
പകുതി മുഖവും കൈ കാലുകളും തലയുടെ പിന്‍ഭാഗവും മാത്രമാണ് മൃതദേഹത്തില്‍ കത്താതെ അവശേഷിച്ചിരുന്നത്. വസ്ത്രത്തിന്റെ കുറച്ചു ഭാഗവും ലഭിച്ചിരുന്നു. കഴുത്തില്‍ പ്ലാസ്റ്റിക് കുരുക്ക് മുറുക്കിയ നിലയിലായിരുന്നു. മൃതദേഹത്തില്‍ നിന്നു ലഭിച്ച വിരലടയാളം യുഐഡിഎഐയില്‍ നല്‍കി ആധാര്‍ ഡാറ്റാബേസ് പരിശോധിക്കാനാണ് പോലിസ് ആഗ്രഹിക്കുന്നത്. മാത്രമല്ല അക്കാലത്ത് കാണാതായതായി പരാതി നല്‍കിയവരുടെ ബന്ധുക്കളില്‍ നിന്നു രക്ത സാംപിള്‍ ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്താനും നീക്കമുണ്ട്. ചേവായൂര്‍ പോലിസ് അന്വേഷണം നടത്തിയ കേസ് പിന്നീട് സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. 2018 ല്‍ ക്രൈംബ്രാഞ്ച് കോഴിക്കോട് ഡിവിഷന്‍ അന്വേഷണം തുടങ്ങി.