സന്‍ആ: ഇസ്രായേലുമായി ബന്ധം പുലര്‍ത്തിയതിന് ചെങ്കടലില്‍ മുക്കിയ ഗ്രീക്ക് കപ്പലിലെ മലയാളി അടക്കമുള്ള ജീവനക്കാരുടെ മോചനവുമായി ബന്ധപ്പെട്ട് സന്‍ആയില്‍ ചര്‍ച്ച നടന്നു. യെമനിലെ അന്‍സാറുല്ല സര്‍ക്കാരിന്റെ വിദേശകാര്യവകുപ്പിലെ ഉദ്യോഗസ്ഥരും അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റി അംഗങ്ങളും ഇന്ത്യന്‍, ഫിലിപ്പൈന്‍സ് എംബസി ഉദ്യോഗസ്ഥരുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.
യെമനികള്‍ മാനുഷിക പരിഗണനയോടെയാണ് പെരുമാറുന്നതെന്നും കുടുംബവുമായി ബന്ധപ്പെടാന്‍ അനുവദിക്കുന്നുണ്ടെന്നും കപ്പല്‍ ജീവനക്കാര്‍ പറഞ്ഞു. തടവുകാരുമായി ബന്ധപ്പെട്ട എല്ലാ അന്താരാഷ്ട്ര കരാറുകളും പാലിക്കുമെന്ന് യെമന്‍ വിദേശകാര്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജൂലൈ ഏഴിന് ചെങ്കടലില്‍ മുക്കിയ ഇറ്റേണിറ്റി സി കപ്പലിലെ ജീവനക്കാരനായ പത്തിയൂര്‍ ശ്രീജാലയത്തില്‍ അനില്‍കുമാര്‍ അന്‍സാറുല്ലയുടെ കസ്റ്റഡിയില്‍ ആണെന്ന് കപ്പല്‍ കമ്പനി നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. പാലക്കാട്ടെ ഏജന്‍സി മുഖേന ഗ്രീക്കിലെ സീ ഗാര്‍ഡന്‍മാരി ടൈം സെക്യൂരിറ്റി കമ്പനിയില്‍ ഫെബ്രുവരി 22നാണ് അനില്‍കുമാര്‍ ജോലിയില്‍ പ്രവേശിച്ചത്. ഇസ്രായേലിലെ എയ്‌ലാത്ത് തുറമുഖത്തേക്ക്(ഉമ്മുല്‍ റഷ്‌റാഷ്) തുറമുഖത്തേക്ക് പോവുകയായിരുന്നു കപ്പലെന്ന് ജീവനക്കാര്‍ പറയുന്നു. സോമാലിയയിലെ ബാര്‍ബറ തുറമുഖത്ത് നിന്നാണ് കപ്പല്‍ വന്നതെങ്കിലും സൗദി അറേബ്യയില്‍ നിന്നും യാത്ര തുടങ്ങിയെന്ന പോലെയാണ് രേഖകള്‍ കാണിച്ചത്.
