കൊച്ചി എളംകുളം മെട്രോ സ്റ്റേഷനിലെ തൂണുകളില്‍ വിള്ളല്‍; അറ്റകുറ്റപണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെഎംആര്‍എല്‍

Update: 2026-04-12 11:47 GMT

കൊച്ചി: എളംകുളം മെട്രോ കെഎംഎം സ്റ്റേഷനിലെ തൂണുകളില്‍ വിള്ളല്‍. തൂണുകളില്‍ നിന്ന് കോണ്‍ക്രീറ്റ് അടര്‍ന്നുവീണിരുന്നു. അറ്റകുറ്റപണികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. കോണ്‍ക്രീറ്റ് താഴേക്ക് വീഴാതിരിക്കാന്‍ ചാക്കും വലയും കെട്ടിയിരുന്നു. വാഹനങ്ങള്‍ക്ക് അപകട ഭീഷണിയുണ്ട്. കൊച്ചി മെട്രോ തൂണുകളോടു ചേര്‍ന്നുള്ള റോഡും ചിലയിടങ്ങളില്‍ ഇടിഞ്ഞു താഴ്ന്നത് സമീപദിവസങ്ങളില്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.

എളംകുളം മെട്രോ സ്റ്റേഷനിലെ കെട്ടിടത്തിന്റെ ചില ഭാഗങ്ങളിലെ കോണ്‍ക്രീറ്റ് പാളികള്‍ മാസങ്ങള്‍ക്കു മുന്‍പ് അടര്‍ന്നു വീണതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ നിര്‍മാതാക്കളായ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍(ഡിഎംആര്‍സി)ടെക്‌നിക്കല്‍ സംഘം വിശദ പരിശോധന നടത്തിയിരുന്നു. പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തില്‍ സ്റ്റേഷന്റെ ഘടനാപരമായ സുരക്ഷയ്ക്ക് യാതൊരു ഭീഷണിയും ഇല്ലെന്നും, സ്റ്റേഷന്‍ സുരക്ഷിതമാണെന്നും ഡിഎംആര്‍സി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, കോണ്‍ക്രീറ്റ് അടര്‍ന്നു വീണ ചില ഭാഗങ്ങളില്‍ അറ്റകുറ്റപ്പണികളും ശക്തിപ്പെടുത്തലും ആവശ്യമാണ് എന്ന് വിദഗ്ധ സംഘം നിര്‍ദേശിച്ചു.

അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ വിശദമായ മെതഡോളജിയും രൂപരേഖയും തയാറാക്കിയിട്ടുണ്ട്. ഈ പ്രവൃത്തികളുടെ നിര്‍വഹണത്തിനായി ടെന്‍ഡര്‍ ക്ഷണിക്കുകയും, ടെന്‍ഡര്‍ നടപടികള്‍ നിലവില്‍ പൂര്‍ത്തിയാക്കിയിരിക്കുകയുമാണ്. അറ്റകുറ്റപ്പണികള്‍ അടുത്ത ആഴ്ച ആരംഭിക്കുമെന്നും കഴിയുന്നത്ര വേഗം പൂര്‍ത്തിയാക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും കെഎംആര്‍എല്‍ അറിയിച്ചു.

അപകടാവസ്ഥ പരിഹരിക്കാനുള്ള അടിയന്തര നടപടികള്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. മുഴച്ചു നില്‍ക്കുന്ന റോഡ് ഉപരിതലം നിരപ്പാക്കി, പ്രശ്‌നത്തിനു ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. സമഗ്ര സുരക്ഷാ ഓഡിറ്റ്, റോഡ് സുരക്ഷാ അടയാളപ്പെടുത്തല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കാനും ചീഫ് ജസ്റ്റിസ് സൗമെന്‍ സെന്‍, ജസ്റ്റിസ് വി എം ശ്യാംകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ജൂണ്‍ 11ന് കോര്‍പറേഷന്‍ നടപടി റിപോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചു.