രക്തസാക്ഷി ഫണ്ട്:തിരിമറി ആരോപണം ഉന്നയിച്ച കുഞ്ഞിക്കൃഷ്ണനെ സിപിഎം പുറത്താക്കും

Update: 2026-01-25 14:44 GMT

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ്സുകാര്‍ വെട്ടിക്കൊന്ന ധന്‍രാജിന് വേണ്ടി പിരിച്ച പണത്തില്‍ തിരിമറി നടന്നെന്ന് വെളിപ്പെടുത്തല്‍ നടത്തിയ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞിക്കൃഷ്ണനെ സിപിഎം പുറത്താക്കും. കുഞ്ഞിക്കൃഷ്ണന്‍ കടുത്ത അച്ചടക്ക ലംഘനമാണ് കാണിച്ചതെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ഈ തീരുമാനം റിപ്പോര്‍ട്ട് ചെയ്ത ശേഷം പുറത്താക്കല്‍ നടപടിയില്‍ അന്തിമ തീരുമാനമുണ്ടാകും. ധന്‍രാജ് രക്തസാക്ഷി ഫണ്ട് പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിയെടുത്തുവെന്ന വെളിപ്പെടുത്തലാണ് വി കുഞ്ഞിക്കൃഷ്ണന്‍ നടത്തിയത്. ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് നേരത്തേ ഉയര്‍ന്ന വാര്‍ത്തകള്‍ ശരിവച്ചുകൊണ്ടാണ് കുഞ്ഞിക്കൃഷ്ണന്‍ രംഗത്തെത്തിയത്. കുടുംബത്തെ സഹായിക്കുന്നതിന് ഒരു കോടി രൂപയാണു പിരിച്ചതെന്നും അതില്‍ 46 ലക്ഷം രൂപ തിരിമറി നടത്തിയെന്നും കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പ് കണക്കില്‍ ലക്ഷങ്ങളുടെ തിരിമറി നടന്നുവെന്നും കുഞ്ഞിക്കൃഷ്ണന്‍ ആരോപിച്ചിരുന്നു. പാര്‍ട്ടിയില്‍ പലതവണ പറഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതിനാലാണ് പരസ്യമായി താന്‍ പറയാന്‍ തയ്യാറായതെന്നാണ് കുഞ്ഞികൃഷ്ണന്‍ പറഞ്ഞത്. പാര്‍ട്ടി പുറത്താക്കിയത് പ്രതീക്ഷിച്ച നടപടിയാണെന്നും മറ്റൊരു പാര്‍ട്ടിയിലേക്കും ഇല്ലെന്നും കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. അതേ സമയം, ടി ഐ മധുസൂദനനെതിരെ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്‍ ഡിജിപിക്ക് പരാതി നല്‍കി. പൊതുജനങ്ങളില്‍ നിന്ന് സ്വീകരിച്ച പണം അപഹരിച്ചത് അന്വേഷിക്കണമെന്നും വി കുഞ്ഞിക്കൃഷ്ണന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നുമാണ് പരാതിയിലെ ആവശ്യം.