തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തില്‍ ബിജെപി സീലെന്ന് സിപിഎം
ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച കത്തില്‍ ബിജെപി സീലെന്ന് സിപിഎം. കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഈമെയില്‍ സന്ദേശത്തിനൊപ്പമുള്ള കത്തിലാണ് കേരള ബിജെപിയുടെ സീല്‍ പതിച്ചിരിക്കുന്നതെന്നാണ് സിപിഎമ്മിന്റെ ആരോപണം. മാര്‍ച്ച് 22നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇമെയില്‍ സന്ദേശം പാര്‍ട്ടികള്‍ക്ക് ലഭിച്ചത്. സിപിഎം എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറിയെന്ന് ആരോപണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് പുതിയ കത്ത്.
2019 മാര്‍ച്ച് 19ന് തയ്യാറാക്കിയ കത്താണിത്. 2019ലെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സീലിന് പകരമാണ് ബിജെപി കേരള ഘടകത്തിന്റെ സീലുള്ളത്. ബിജെപിയും തിരഞ്ഞെടുപ്പ് കമ്മീഷനും ഒരേ സീലാണോ ഉപയോഗിക്കുന്നതെന്ന വിമര്‍ശനത്തോടെയാണ് സിപിഎം ഇപ്പോള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം ദേശീയതലത്തില്‍ സജീവമായി സിപിഎം ഉന്നയിക്കുന്നുണ്ട്. അതിനിടെയാണ് ഇപ്പോള്‍ ഇത്തരത്തിലൊരു ആരോപണവുമായി സിപിഎം മുന്നോട്ട് വന്നിരിക്കുന്നത്.
അതേസമയം യഥാര്‍ത്ഥ രേഖയില്‍ ഒരു സീലും ഇല്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ് സൈറ്റില്‍ ഈ രേഖകള്‍ ഉണ്ട്. പല തിരഞ്ഞെടുപ്പുകളിലും ഇത് വിതരണം ചെയ്തതെന്നും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.
