മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാടുകള്‍ സ്വീകരിച്ച് എസ്എന്‍ഡിപി മുന്നോട്ടുപോവണം: സിപിഎം
തിരുവനന്തപുരം: കേരളത്തിന്റെ മതനിരപേക്ഷതക്ക് പോറലേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഎം. മതങ്ങളുടെ സാരം ഏകമാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരു സ്ഥാപിച്ച എസ്എന്‍ഡിപി, മതനിരപേക്ഷത സംരക്ഷിക്കുന്നതിനുള്ള നിലപാടുകള്‍ സ്വീകരിച്ചാണ് മുന്നോട്ടുപോവേണ്ടതെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവനകള്‍ വിവാദത്തിന് വഴിവെച്ച സാഹചര്യത്തിലാണ് സിപിഎമ്മിന്റെ പ്രതികരണം. വെള്ളാപ്പള്ളിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവന.
കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ മുസ്‌ലിം സമുദായത്തെയാണ് സഹായിക്കുന്നതെന്നും ഇങ്ങനെപോയാല്‍ അച്യുതാനന്ദന്‍ പറഞ്ഞതുപോലെ 2040 ആകുമ്പോള്‍ കേരളം മുസ്ലിംഭൂരിപക്ഷപ്രദേശം ആകുമെന്നുമായിരുന്നു കഴിഞ്ഞദിവസം വെള്ളാപ്പള്ളി പറഞ്ഞത്. അതേസമയം, വിശ്രമജീവിതം നയിക്കേണ്ട കാലത്ത് ചരിത്രം സൃഷ്ടിക്കുന്ന ആളാണ് വെള്ളാപ്പള്ളിയെന്നായിരുന്നു മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞത്.