ഉദ്ഘാടനങ്ങള്‍ക്ക് തുണിയുടുക്കാത്ത താരങ്ങളെ മതിയെന്ന പ്രസ്താവനയുമായി സിപിഎം എംഎല്‍എ യു പ്രതിഭ
ആലപ്പുഴ: ഉദ്ഘാടനങ്ങള്‍ക്ക് തുണിയുടുക്കാത്ത താരങ്ങളെ മതിയെന്ന പ്രസ്താവനയുമായി സിപിഎം എംഎല്‍എ യു പ്രതിഭ. കായംകുളത്ത് ബുധനാഴ്ച നടന്ന സാംസ്‌കാരിക പരിപാടിക്കിടെയാണ് എംഎല്‍എയുടെ പ്രസംഗം ചര്‍ച്ചയാകുന്നത്. ''തുണിയുടുക്കാത്ത താരം വന്നാല്‍ എല്ലാവരും ഇടിച്ചുകയറുകയാണ്. അതു നിര്‍ത്താന്‍ പറയണം. അത്രയ്ക്കു വായിനോക്കികളാണോ കേരളത്തിലെ മനുഷ്യര്‍. അവരോട് തുണിയുടുത്ത് വരാന്‍ പറയണം. ഇതു സദാചാരം എന്ന് പറഞ്ഞു തന്റെ നേരെ വരരുത്. മാന്യമായി വസ്ത്രം ധരിക്കുകയാണ് വേണ്ടത്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്.''എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ടിവി ഷോയ്‌ക്കെതിരെയും എംഎല്‍എ വിമര്‍ശനം ഉന്നയിച്ചു. പരിപാടിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നുവെങ്കിലും പ്രസ്താവന നേരെയായിരുന്നു. ''കേരളത്തില്‍ ഇപ്പോള്‍ വൈകുന്നേരങ്ങളില്‍ നടത്തുന്ന ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട്. മറ്റുള്ളവര്‍ ഉറങ്ങുന്നത് ഒളിഞ്ഞുനോക്കുകയും അവരുടെ വസ്ത്രം ഇറുങ്ങിയതാണോ എന്നു കമന്റ് ചെയ്യുകയും ചെയ്യുന്നതാണ് അതിലെ മുഖ്യവിഷയം. അനശ്വര നടനാണ് അത് അവതരിപ്പിക്കുന്നത്,'' പ്രതിഭ പറഞ്ഞു.
ജനാധിപത്യത്തില്‍ താരരാജാക്കന്മാരെ അല്ല, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മനുഷ്യരെയാണ് വേണ്ടത്, സിനിമയില്‍ കാണുന്നതൊക്കെ അനുകരിക്കുന്ന വൃത്തികെട്ട ശീലം പലപ്പോഴും സമൂഹത്തില്‍ കണ്ടുവരുന്നുണ്ട്. അതിനെതിരെ നമ്മള്‍ ആഞ്ഞടിക്കണമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
