ദാറുല്‍ഹുദയിലേക്കുള്ള സിപിഎം മാര്‍ച്ചിലെ പരാമര്‍ശങ്ങള്‍ സംഘ്പരിവാര്‍ ഭാഷ്യം: എസ്ഡിപിഐ
തിരൂരങ്ങാടി: മാലിന്യപ്രശ്‌നം ആരോപിച്ച് സിപിഎം നേതൃത്വത്തില്‍ ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലേക്ക് നടത്തിയ മാര്‍ച്ചിലെ പരാമര്‍ശങ്ങള്‍ സംഘപരിവാര ഭാഷ്യമാണെന്ന് എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി. ദാറുല്‍ഹുദയില്‍ നിന്നുള്ള മാലിന്യങ്ങള്‍ പരിസരവാസികള്‍ക്ക് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ച് ഇന്ന് രാവിലെയാണ് സിപിഎം തിരുരങ്ങാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സ്‌ലര്‍ ബഹാവുദ്ദീന്‍ നദ്‌വിയേയും അവിടെ പഠിച്ചിറങ്ങിയവരെയും മോശമായി ചിത്രീകരിക്കുന്ന രീതിയിലാണ് പ്രാസംഗികര്‍ സംസാരിച്ചത്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന പ്രവര്‍ത്തനങ്ങളുണ്ടെങ്കില്‍ അതിനെതിരേ നിലപാട് എടുക്കുന്നതിന് ആരും എതിരല്ലെന്ന് എസ്ഡിപിഐ വ്യക്തമാക്കി.
എന്നാല്‍, പണ്ഡിതര്‍ക്കെതിരേ സിപിഎം നേതൃത്വം നടത്തിയ പരാമര്‍ശങ്ങള്‍ സംഘപരിവാര ഭാഷ്യമാണ്. മാലിന്യപ്രശ്‌നം ചൂണ്ടിക്കാട്ടുന്നതിന് പകരം പണ്ഡിതരുടെ സംഘടനാപരമായ താല്‍പര്യങ്ങളെ കുറിച്ച് പറയുന്നത് പരസ്പരം തമ്മിലടിപ്പിക്കാനുള്ള ഒളിയജണ്ഡയാണ് വെളിപ്പെടുത്തുന്നത്. അതിനാല്‍, സിപിഎമ്മിന്റെ ആര്‍എസ്എസ് ഭാഷ്യങ്ങള്‍ ജനം തിരിച്ചറിയണമെന്നും പ്രതിഷേധിക്കണമെന്നും എസ്ഡിപിഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി, സെക്രട്ടറി റിയാസ് ഗുരിക്കള്‍, തറയിലൊടി വാസു, കെ സിദ്ധീഖ്, എന്‍ കെ മനീര്‍, ഷബീര്‍ ബാപ്പു സംസാരിച്ചു.
