സിപിഎം ഫണ്ട് തട്ടിപ്പ്; ക്രമക്കേടുകള്‍ വെളിപ്പെടുത്തിയ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണനെതിരേ അച്ചടക്ക നടപടി ഇന്നുണ്ടായേക്കും

Update: 2026-01-25 05:12 GMT

തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ക്രമക്കേടുകള്‍ വെളിപ്പെടുത്തിയ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണനെതിരേ പാര്‍ട്ടി അച്ചടക്ക നടപടി ഇന്നുണ്ടായേക്കും. ഇന്ന് ചേരുന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിലാകും തീരുമാനം.

രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് ആരോപണം അടക്കം പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തില്‍ ക്രമക്കേട് നടന്നിട്ടില്ല എന്ന് വരുത്തിതീര്‍ക്കാനാണ് നേതൃത്വത്തിന്റെ ശ്രമം.മേല്‍ കമ്മിറ്റിയുടെ അനുമതിയോടെ ആകും നടപടി പ്രഖ്യാപിക്കുക. കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് സാധ്യത.

ധനാപഹരണം നടന്നുവന്ന് സമ്മതിച്ചാല്‍ നേതൃത്വം ആകെ വെട്ടിലാകും. കണക്ക് അവതരിപ്പിക്കാന്‍ വൈകിയ പ്രശ്‌നമേ ഉണ്ടായിട്ടുള്ളൂ എന്നും അതിന് കാരണക്കാരായവര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട് എന്നുമാണ് വിഷയത്തില്‍ സിപിഎം വിശദീകരണം.

വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് സിപിഎം ജില്ലാകമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്‍ പറഞ്ഞതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍ പറഞ്ഞത്. പണാപഹരണം ആരും നടത്തിയിട്ടില്ലെന്നും വരവ് ചെലവ് കണക്ക് പാര്‍ട്ടി കമ്മറ്റിയില്‍ അവതരിപ്പിക്കാന്‍ വൈകി എന്നത് മാത്രമാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കണ്ണൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം ഉയര്‍ന്നത്.

Tags: