തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം-ബിജെപി ഡീലെന്ന് ആരോപണമുന്നയിച്ച ആനി അശോകനെ പുറത്താക്കി സിപിഎം
ഡീലിനു പിന്നില്‍ കടകംപള്ളി സുരേന്ദ്രനാണെന്നായിരുന്നു ആനി അശോകന്റെ ആരോപണം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം-ബിജെപി ഡീലെന്ന് ആരോപണമുന്നയിച്ച ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി അംഗം ആനി അശോകനെ പുറത്താക്കി സിപിഎം. കഴക്കൂട്ടം എംഎല്‍എയും മുന്‍ മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെതിരേ ഗുരുതര ആരോപണങ്ങളായിരുന്നു ആനി അശോകന്‍ ഉന്നയിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തന്നെ ബിജെപിക്ക് വോട്ടു മറിയാന്‍ ലക്ഷ്യംവെച്ചുള്ളതാണെന്നും ആനി അശോകന്‍ പറഞ്ഞു.
സിപിഎം-ബിജെപി ഡീലിനു പിന്നില്‍ കടകംപള്ളി സുരേന്ദ്രനാണെന്നായിരുന്നു ആനി അശോകന്റെ ആരോപണം. കോര്‍പ്പറേഷനില്‍ ബിജെപിക്ക് വോട്ടു മറിക്കാന്‍ ധാരണയുണ്ടെന്നും പ്രത്യുപകാരമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കടകംപള്ളിക്ക് വോട്ടു നല്‍കുമെന്നും ആനി അശോകന്‍ പറഞ്ഞിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കടകംപള്ളി സുരേന്ദ്രന് സീറ്റുറപ്പിക്കാനാണ് നീക്കം. കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ കടകംപള്ളി സുരേന്ദ്രന്റെ ഏകാധിപത്യമാണ്. അതിന്റെ ഭാഗമായാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും ആനി അശോകന്‍ ആരോപിച്ചിരുന്നു. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് സിപിഎം നടപടി. ചെമ്പഴന്തി ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. തുടര്‍ നടപടികള്‍ ഡിസി സ്വീകരിക്കും.
കഴിഞ്ഞ പ്രാവശ്യവും, ഈ പ്രാവശ്യവും കടകംപള്ളി സ്ഥാനാര്‍ത്ഥിനിര്‍ണയം നടത്തുന്നത് ബിജെപിക്ക് അനുകൂലമായിട്ടാണ്. വിജയ സാധ്യതയില്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപിയെ വിജയിപ്പിക്കാനാണ് ശ്രമം. കടകംപള്ളിക്ക് എംഎല്‍എയായി മല്‍സരിക്കുമ്പോള്‍ വോട്ടു കിട്ടാന്‍ വേണ്ടിയാണ് നീക്കം. 25 വര്‍ഷമായി ഒരേ സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നു. പണവും ജാതിയും വലിയ ഘടകം. മൂന്നര പതിറ്റാണ്ടായി താന്‍ പാര്‍ട്ടിയില്‍ സജീവമാണ്. തന്റെ പേരു പോലും പരിഗണിച്ചില്ല. നേതൃത്വത്തിനു നല്‍കിയ പരാതികള്‍ അവഗണിച്ചു. കമ്മറ്റികളില്‍ അനുഭവിക്കുന്ന പീഡനത്തിനെതിരേ നല്‍കിയ പരാതികള്‍ പൂഴ്ത്തി. ഒരു പുല്ലിന്റെ വില പോലും തരുന്നില്ലെന്നും, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്നും ആനി അശോകന്‍ വ്യക്തമാക്കി.
കഴിഞ്ഞ തവണ ചെമ്പഴന്തി വാര്‍ഡില്‍ ആരും തന്നെ അറിയാത്ത ഒരാളെയാണ് സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയതെന്നും ആനി പറഞ്ഞിരുന്നു. അന്ന് നേതാക്കള്‍ എതിര്‍ത്തിരുന്നു. ചെല്ലമംഗലത്തെ പൗഡികോണത്തും സമാനമാണ് സാഹചര്യം. അവിടെയും സ്ഥാനാര്‍ത്ഥിക്കെതിരേ എതിര്‍പ്പുണ്ടായിരുന്നു. അവിടെ പാര്‍ട്ടിക്കാര്‍ തന്നെയാണ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചതെന്നും ആനി അശോകന്‍ പറഞ്ഞു. ആ പാറ്റേണാണ് ഇത്തവണയെന്നും ആനി അശോകന്‍ പറഞ്ഞിരുന്നു.
