സിപിഐയെ പരിഹസിച്ച ജില്ല സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാറിനെ തള്ളി സിപിഎം ജില്ല സെക്രട്ടറി
പാലക്കാട്: സിപിഐയെ ഉത്തരം താങ്ങുന്ന പല്ലിയെന്ന് പരിഹസിച്ച ജില്ല സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാറിനെ തള്ളി സിപിഎം ജില്ല സെക്രട്ടറി രംഗത്ത്. സിപിഎം ജില്ല സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവാണ് എസ് അജയകുമാറിനെതിരേ രംഗത്തെത്തിയത്. ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുതെന്നും സിപിഎം സിപി ഐ ബന്ധം സഹോദരബന്ധം പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐക്കെന്നാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാര്‍ സിപിഐയെ വിമര്‍ശിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേയും അജയകുമാര്‍ വിമര്‍ശനമുന്നയിച്ചു. ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെ പോലെ പെരുമാറുന്നുവെന്നും എസ് അജയകുമാര്‍ പറഞ്ഞു. ദീര്‍ഘകാലമായി സിപിഎം-സിപിഐ പോര് തുടരുന്ന പാലക്കാട് ഒറ്റപ്പാലത്തെ മണ്ണൂരില്‍ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു വിമര്‍ശനം.
തോറ്റാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സിപിഎമ്മിനും ജയിച്ചാല്‍ ക്രെഡിറ്റ് മുഴുവന്‍ സിപിഐക്കുമാണ് എന്നാണ് സിപിഐ സമീപനം. കേവലം അഞ്ച് ശതമാനം വോട്ട് മാത്രമേ സംസ്ഥാനത്ത് സിപിഐക്കുള്ളൂ. ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്ന് സിപിഐക്ക് ജയിക്കാന്‍ ആവില്ല. എവിടെയെങ്കിലും നാല് സിപിഐക്കാര്‍ ഉണ്ടെങ്കില്‍ അഞ്ച് സീറ്റ് ചോദിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയാണ് സിപിഐയെന്ന് എസ് അജയകുമാര്‍ കുറ്റപ്പെടുത്തി.