വെള്ളാപ്പള്ളി വിവാദം അവസാനിപ്പിക്കാന്‍ സിപിഐ
പരാമര്‍ശങ്ങളില്‍ പരസ്യ പ്രതികരണങ്ങളിലേക്ക് പോകേണ്ടതില്ലെന്ന് ധാരണ
തിരുവനന്തപുരം: വെള്ളാപ്പള്ളി വിവാദം അവസാനിപ്പിക്കാന്‍ സിപിഐയില്‍ ധാരണ. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശങ്ങളില്‍ പരസ്യ പ്രതികരണങ്ങളിലേക്ക് പോകേണ്ടതില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. നാളെ സിപിഐയുടെ സംസ്ഥാന എക്സിക്യുട്ടീവ് ചേരുന്നുണ്ട്. ഈ വിഷയം എക്സിക്യുട്ടീവിലും ചര്‍ച്ചയാകുമെന്നാണ് വിവരം. പത്ത് കൊല്ലത്തെ ഭരണത്തിന്റെ എല്ലാ ആനുകൂല്യവും പറ്റിയിട്ട് കുറ്റംപറയുന്ന സിപിഐ ചതിയന്‍ ചന്തുവാണെന്നടക്കം വെള്ളാപ്പള്ളി കുറ്റപ്പെടുത്തിയിരുന്നു. ഇടത് സര്‍ക്കാരിനോ മുന്നണിയിലെ പാര്‍ട്ടികള്‍ക്കോ മാര്‍ക്കിടാന്‍ വെളളാപ്പളളിയെ ആരും നിയോഗിച്ചിട്ടില്ലെന്നും ചതിയന്‍ ചന്തു പ്രയോഗം വെളളാപ്പളളിക്കാണ് ചേരുകയെന്നും ബിനോയ് വിശ്വം മറുപടി നല്‍കിയിരുന്നു.
സിപിഐ തന്നില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണവും വെള്ളാപ്പള്ളി ഉയര്‍ത്തിയിരുന്നു. തന്നില്‍ നിന്നും പണം എണ്ണിവാങ്ങിയ പാര്‍ട്ടിയാണ് സിപിഐ, കൂടുതല്‍ ഒന്നും താന്‍ പറയുന്നില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. വെള്ളാപ്പള്ളിയെ മാര്‍ക്കിടാന്‍ ആരും ഏല്‍പ്പിച്ചിട്ടില്ലെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. എല്ലാവര്‍ക്കും വെള്ളാപ്പള്ളിയെ അറിയാം, സിപിഐയേയും ആളുകള്‍ക്കറിയാം. കമ്യൂണിസ്റ്റുപാര്‍ട്ടി ഏറെ ബഹുമാനത്തോടെയാണ് ശ്രീനാരായണ പ്രസ്ഥാനത്തെ കാണുന്നതെന്നും ഏറ്റവും മഹത്തായ സംഘടനയാണ് എസ്എന്‍ഡിപിയെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. സംഘടനയെ നേരത്തെ നയിച്ചവരെല്ലാം പ്രഗല്‍ഭരായിരുന്നു, കുമാരനാശാനെപ്പോലെ നിരവധി മഹാത്മാക്കള്‍ ഇരുന്ന ജന. സെക്രട്ടറി സ്ഥാനത്തിരിക്കുന്നയാള്‍ ഇത്ര തരംതാണ പ്രസ്താവനകള്‍ നടത്തരുതെന്നും, വെള്ളാപ്പള്ളിയുടെ എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയാന്‍ തയ്യാറെല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു.
ചതിയന്‍ ചന്തുവെന്ന് വിളിച്ച പ്രതികരണത്തോട് യോജിപ്പില്ലെന്ന് വ്യക്തമാക്കുന്ന സിപിഎം വെളളാപ്പളളിയെ തള്ളി. വെളളാപ്പളളി നടേശന്റെ മതനിരപേക്ഷ നിലപാടുകളെയാണ് പാര്‍ട്ടി പിന്തുണച്ചത് എന്ന് കൂടി വ്യക്തമാക്കുന്നതിലൂടെ വര്‍ഗീയ പരാമര്‍ശങ്ങളേയും സിപിഎം പരോക്ഷമായി തളളുകയായിരുന്നു. അയ്യപ്പസംഗമ വേദിയിലേക്ക് വെളളാപ്പളളി നടേശനും ഒന്നിച്ച് വന്നതിനെ ന്യായീകരിച്ച മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വര്‍ഗീയ പരാമര്‍ശങ്ങളെ തളളിപ്പറയാനും തയാറായിരുന്നില്ല.
