കന്യാസ്ത്രീകള്‍ക്കെതിരായ കേസ് പൂര്‍ണമായി പിന്‍വലിക്കണം: സി പി എ ലത്തീഫ്

Update: 2025-08-02 12:59 GMT

തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്കെതിരായ കേസ് പൂര്‍ണമായി പിന്‍വലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ്. കഴിഞ്ഞ ഒന്‍പതു ദിവസമാണ് മലയാളികളും ജീവകാരുണ്യപ്രവര്‍ത്തകരുമായ കന്യാസ്ത്രീകള്‍ ജയിലില്‍ കഴിഞ്ഞത്. കന്യാസ്ത്രീകളെ കള്ളക്കേസ് ചുമത്തി ജയിലിലിട്ടവര്‍ തന്നെ ജാമ്യം ലഭിച്ചത് ആഘോഷിക്കുന്നത് പരിഹാസ്യമാണ്. കോടതിയില്‍ നിന്നു ജാമ്യം ലഭിക്കുന്നതിനു മുമ്പു തന്നെ കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളാ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന് ഉറപ്പു നല്‍കിയിരുന്നു. അതനുസരിച്ചാണ് രാജീവ് അരമനകളില്‍ കയറിയിറങ്ങി ആശയവിനിമയം നടത്തിയത്. ആഭ്യന്തര വകുപ്പും ഭരണകൂടവും നീതിന്യായ സംവിധാനങ്ങളെ പോലും നിയന്ത്രിക്കുന്നു എന്ന അപകടകരമായ സാഹചര്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ഛത്തിസ്ഗഢിന് പിന്നാലെ രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍ മതപരിവര്‍ത്തന ആരോപണമുന്നയിച്ച് മലയാളി വൈദികനെ അറസ് അറസ്റ്റ് ചെയ്തതോടെ അവരുടെ കപട മുഖം മൂടി ഒരിക്കല്‍ കൂടി അഴിഞ്ഞു വീണിരിക്കുകയാണ്.

കന്യാസ്ത്രീകളെ യാത്രാ മധ്യേ തടഞ്ഞുവെക്കുകയും സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുകയും ചെയ്ത ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുക്കാത്തത് ബിജെപിയുടെ വികൃത മുഖം അനാവരണം ചെയ്യുന്നു. ഒരേ സമയം കന്യാസ്ത്രീകളോടൊപ്പമെന്ന് പരസ്യ പ്രസ്താവന നടത്തുകയും ഛത്തിസ്ഗഢിലെ ബിജെപി സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ തന്നെ കോടതിയില്‍ ജാമ്യാപേക്ഷയെ എതിര്‍ക്കുകയും ചെയ്തത് സമൂഹം കണ്ടതാണ്. ഇത്തരം ഗിമ്മിക്കുകള്‍ തിരിച്ചറിയാനുള്ള സാമാന്യബോധം പൗരസമൂഹത്തിന് ഉണ്ടെന്ന് സംഘപരിവാരം തിരിച്ചറിയുന്നത് നല്ലതാണ്. പ്രത്യയ ശാസ്ത്രത്തില്‍ തന്നെ ആഭ്യന്തര ശത്രുക്കളുടെ പട്ടിക നിരത്തി ആസൂത്രിതമായി ഉന്മനൂലനം നടപ്പാക്കുന്ന ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളെ ഇനിയും തിരിച്ചറിയാന്‍ കഴിയാത്തവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ്. ഭരണഘടനാ വിരുദ്ധമായി ഭീകരനിയമം ചുട്ടെടുക്കുകയും അതിന്റെ മറവില്‍ പൗരാവകാശം നിഷേധിക്കുകയും വിമര്‍ശകരെ നിശബ്ദരാക്കുകയും ചെയ്യുന്ന ഫാഷിസ്റ്റ് ഭരണകൂട ഭീകരതയ്‌ക്കെതിരേ ജനാധിപത്യ പോരാട്ടം ശക്തമാക്കാന്‍ ജനാധിപത്യ സമൂഹം ഐക്യപ്പെടണമെന്നും സി പി എ ലത്തീഫ് അഭ്യര്‍ഥിച്ചു.