ഛത്തീസ്ഗഢിലെ പശുക്കൊല: ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാളും മരിച്ചു

Update: 2024-06-19 10:32 GMT

റായ്പൂര്‍: ഛത്തീസ്ഗഡിലെ റായ്പൂരില്‍ പശുക്കളെ കൊണ്ടുപോകുന്ന ട്രക്ക് തടഞ്ഞുവെച്ച് സംഘ്പരിവാര്‍ ഗുണ്ടകള്‍ ക്രൂരമായി മര്‍ദിച്ച് ചികിത്സയിലായിരുന്ന മൂന്നാമത്തെ മുസ്ലിം യുവാവും കൊല്ലപ്പെട്ടു. കന്നുകാലികളെ കടത്തുകയായിരുന്നെന്ന് ആരോപിച്ച് ജൂണ്‍ 7നാണ് പശു സംരക്ഷക സംഘമെന്ന പേരില്‍ സംഘ്പരിവാര്‍ ഗുണ്ടകള്‍ മൂന്ന് മുസ്ലിം യുവാക്കളെ വാഹനത്തില്‍ നിന്നും വലിച്ചിഴച്ച് ക്രൂരമായി മര്‍ദിച്ചത്. ഗുദ്ദു ഖാന്‍ (35), ചന്ദ് മിയ ഖാന്‍ (23) എന്നിവര്‍ അന്ന് തന്നെ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂന്നാമത്തെയാള്‍ സദ്ദാം ഖുറേഷി 10 ദിവസം ജീവിതത്തോട് മല്ലിട്ട ശേഷം ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. 23 കാരനായ സദ്ദാം റായ്പൂരിലെ ശ്രീ ബാലാജി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കോമയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

നരേന്ദ്ര മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് രണ്ടാം നാളാണ് ഉത്തരേന്ത്യയില്‍ നിന്നും പശുക്കൊല റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ വധശ്രമത്തിനും മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കും കേസെടുത്തിരുന്നു. എന്നാല്‍ കേസില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

Tags: