''ഇന്ത്യന്‍ സമൂഹത്തില്‍ പശുവിന് സവിശേഷമായ സ്ഥാനമുണ്ട്, കശാപ്പ് വികാരങ്ങളെ വ്രണപ്പെടുത്തുന്നു'': പഞ്ചാബ്-ഹരിയാന ഹൈക്കോടതി
ഛണ്ഡീഗഡ്: ഇന്ത്യന്‍ സമൂഹത്തില്‍ പശുവിന് സവിശേഷമായ സ്ഥാനമുണ്ടെന്നും പശുക്കശാപ്പ് വികാരങ്ങളെ വ്രണപ്പെടുത്തുമെന്നും പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പശുവിനെ കടത്തിയെന്ന കേസില്‍ ആരോപണവിധേയനായ ആസിഫ് എന്നയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് സന്ദീപ് മൗദ്ഗില്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഹരിയാന ഗൗവംശ് സംരക്ഷണ്‍, ഗൗസംവര്‍ദ്ധന്‍ നിയമം, മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം എന്നിവ ലംഘിച്ച്, കശാപ്പിനായി രാജസ്ഥാനിലേക്ക് രണ്ട് പശുക്കളെ കടത്തിയെന്നാണ് ആസിഫിനെതിരായ ആരോപണം. സമൂഹത്തിന്റെ വികാരങ്ങളെ പൂര്‍ണ്ണമായും അവഗണിച്ച് പശുക്കശാപ്പില്‍ ആസിഫ് ഏര്‍പ്പെട്ടെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയാണെന്നും കോടതി പറഞ്ഞു.
''ഇന്ത്യന്‍ സമൂഹത്തില്‍ പശുവിന്റെ സവിശേഷമായ സ്ഥാനം കണക്കിലെടുക്കുമ്പോള്‍, നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് പുറമേ, കുറ്റകൃത്യത്തിന് വൈകാരികവും സാംസ്‌കാരികവുമായ അര്‍ത്ഥതലങ്ങളുണ്ട്. ഒരു ബഹുസ്വര സമൂഹത്തില്‍, ചില പ്രവൃത്തികള്‍, എത്ര സ്വകാര്യമാണെങ്കിലും, ഒരു പ്രധാന ജനവിഭാഗത്തിന്റെ ആഴത്തില്‍ വേരൂന്നിയ വിശ്വാസങ്ങളെ വ്രണപ്പെടുത്തുമ്പോള്‍, പൊതുസമാധാനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന വസ്തുത അവഗണിക്കാന്‍ കഴിയില്ല.''-മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ജസ്റ്റിസ് സന്ദീപ് മൗദ്ഗില്‍ നിലപാട് വിശദീകരിച്ചു.
