അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ കെ ബാബുവിന് കോടതിയുടെ സമന്‍സ്

Update: 2026-01-15 08:29 GMT

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ കെ ബാബുവിന് കോടതിയുടെ സമന്‍സ്. എംഎല്‍എയും മന്ത്രിയുമായിരിക്കെ 2007 മുതല്‍ 2016 വരെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് സമന്‍സ്.കലൂര്‍ പിഎംഎല്‍എ കോടതിയില്‍ ഇന്ന് ഹാജരാകണമെന്നാണ് നിര്‍ദേശം.

രണ്ടാം ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ എക്സൈസ് മന്ത്രിയായിരിക്കെ, ലൈസന്‍സ് അനുവദിക്കാന്‍ ബാറുടമകളില്‍നിന്ന് കോഴ വാങ്ങിയെന്ന കേസില്‍ വിജിലന്‍സ് കോടതി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ കെ ബാബുവിന് മന്ത്രിസ്ഥാനം നഷ്ടമായിരുന്നു.കെ ബാബുവിന്റെ 25.82 ലക്ഷത്തിന്റെ സ്വത്ത് ഇഡി 2024 ജനുവരിയില്‍ കണ്ടുകെട്ടിയിരുന്നു.

അനധികൃത സ്വത്തുസമ്പാദനത്തിന് കെ ബാബുവിനെതിരെ ആദ്യം വിജിലന്‍സാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 25.82 ലക്ഷം രൂപയുടെ അധികസ്വത്ത് കെ ബാബുവിനുണ്ടെന്ന് വ്യക്തമാക്കി വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഈ കേസിനെ അടിസ്ഥാനമാക്കിയാണ് പിഎംഎല്‍എ പ്രകാരം ഇഡി കേസെടുത്തത്.

Tags: