സോളാര്‍ കേസില്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ ഹരജി കോടതി തള്ളി
കൊല്ലം: സോളാര്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ സമര്‍പ്പിച്ച ഹരജി തള്ളി. കൊട്ടാരക്കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് തള്ളിയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ കേസിലെ കോടതി നടപടികള്‍ നിര്‍ത്തിവെയ്ക്കണം എന്നാവശ്യപ്പെട്ടാണ് മന്ത്രി ഹരജി നല്‍കിയത്. പരാതിക്കാരിയുടെ കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്ത് ഗണേഷ് കുമാര്‍ ഗൂഢാലോചന നടത്തിയെന്ന ഹരജിയിലാണ് കോടതി നടപടി തുടരുന്നത്.
സോളാര്‍ കേസിലെ പരാതിക്കാരിയും മന്ത്രി ഗണേഷ് കുമാറുമാണ് ഈ ഗൂഢാലോചനക്കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. കേസുമായി ബന്ധപ്പെട്ട നടപടികള്‍ കുറച്ചു കാലത്തേക്ക് നീട്ടിവെക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. അഡ്വ. സുധീര്‍ ജേക്കബാണ് ഹരജിക്കാരന്‍. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന ആരോപണമാണ് കേസിന്റെ ആധാരം. സോളാര്‍ കേസിലെ പരാതിക്കാരി സമര്‍പ്പിച്ച കത്തില്‍ നാല് പേജുകള്‍ അധികമായി കൂട്ടിച്ചേര്‍ത്തുവെന്ന ഗണേഷ് കുമാറിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന സുധീര്‍ മലയിലിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു.