തൊണ്ടി മുതല്‍ കേസ്; ആന്റണി രാജുവിന്റെ ആവശ്യം കോടതി തള്ളി

Update: 2026-02-17 10:59 GMT

കൊച്ചി: തൊണ്ടി മുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. സെഷന്‍സ് കോടതിയാണ് വിധി തള്ളിയത്.

തൊണ്ടി മുതല്‍ കേസ്; ആന്റണി രാജുവിന്റെ ആവശ്യം കോടതി തള്ളി

കൊച്ചി: തൊണ്ടി മുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. സെഷന്‍സ് കോടതിയാണ് വിധി തള്ളിയത്. കേസില്‍ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിന് മൂന്നു വര്‍ഷത്തെ തടവും പിഴയും വിധിച്ചിരുന്നു. ഇതിനെതിരേ ശിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെ ആയതുകൊണ്ട് അപ്പീലില്‍ വിധി വരുന്നതു വരെ ആന്റണി രാജുവിന് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.

1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് ലഹരിമരുന്നുമായി പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വദൂര്‍ സര്‍വലിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നതാണ് കേസ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 61 ഗ്രാം ഹാഷിഷ് ഓയിലുമായി ആണ് അന്ന് പിടിയിലായത്.

ഈ കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി പ്രതിയെ പത്ത് വര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു. അന്ന് പ്രതിഭാഗം അഭിഭാഷകയായിരുന്ന സെലിന്‍ വില്‍ഫ്രഡിന്റെ ജൂനിയര്‍ അഭിഭാഷകനായിരുന്നു ആന്റണി രാജു.പ്രതി ജയിലിലായി നാല് മാസം കഴിഞ്ഞപ്പോള്‍ പോള്‍ എന്ന പേരില്‍ ഒരു ബന്ധു കോടതിയിലെത്തി കേസിന് ആവശ്യമില്ലാത്ത സ്വകാര്യവസ്തുക്കള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കി

കോടതി ജീവനക്കാരനായ ജോസിന്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിക്കുകയും ഇത് വെട്ടിത്തയ്ച്ച് ചെറുതാക്കി പ്രതിക്ക് പാകമാകാത്ത രീതിയിലാക്കി മാറ്റി തിരികെ വയ്ക്കുകയുമായിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയ പ്രതി, തൊണ്ടിമുതലായ അടിവസ്ത്രം തന്റേതല്ലെന്ന വാദം ഉയര്‍ത്തി. ഇത് പ്രതിക്ക് പാകമാകില്ലെന്ന് ബോധ്യപ്പെട്ടതോടെ കോടതി ഇയാളെ വെറുതെവിട്ടു

കുറ്റവിമുക്തനായ സര്‍വലി ഓസ്‌ട്രേലിയയിലേക്ക് മടങ്ങുകയും ചെയ്തു. എന്നാല്‍ പിന്നീട് മറ്റൊരു കേസില്‍ സര്‍വലി പിടിയിലായതോടെയാണ് സത്യം പുറത്തുവന്നത്. കോടതി ജീവനക്കാരന് പണം നല്‍കി അടിവസ്ത്രം വെട്ടി ചെറുതാക്കിയാണ് രക്ഷപ്പെട്ടതെന്ന് ഇയാള്‍ സഹതടവുകാരനോട് വെളിപ്പെടുത്തി. ഈ വിവരം ഇന്റര്‍പോള്‍ വഴി സിബിഐയെയും തുടര്‍ന്ന് കേരള പൊലീസിനെയും അറിയിക്കുകയായിരുന്നു. 1994ലാണ് വഞ്ചിയൂര്‍ പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്

2005ല്‍ ഉത്തരമേഖലാ ഐജിയായിരുന്ന ടിപി സെന്‍കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. 2006 ഫെബ്രുവരി 13ന് ജോസ് ഒന്നാംപ്രതിയും ആന്റണി രാജു രണ്ടാം പ്രതിയുമായി കുറ്റപത്രം നല്‍കി. കുറ്റപത്രം നല്‍കിയ ശേഷം 16 വര്‍ഷത്തോളം കേസ് വിചാരണയില്ലാതെ കെട്ടിക്കിടന്നു. പ്രതികള്‍ ഹാജരാകാതെ ഒളിച്ചുകളിച്ചതാണ് ഇതിന് കാരണമെന്ന് 2022ല്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് കേസിന് വീണ്ടും ജീവന്‍ വച്ചത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു സുപ്രിംകോടതി വരെ സമീപിച്ചിരുന്നെങ്കിലും ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.