ഷാജന്‍ സ്‌കറിയക്ക് കോടതിയുടെ കര്‍ശന നിര്‍ദേശം; സ്ത്രീവിരുദ്ധ വീഡിയോകള്‍ യൂട്യൂബ് ചാനലില്‍ നിന്ന് ഏഴു ദിവസത്തിനകം നീക്കം ചെയ്യണം
കൊച്ചി: യൂട്യൂബര്‍ ഷാജന്‍ സ്‌കറിയക്ക് കോടതിയുടെ കര്‍ശന നിര്‍ദേശം. യൂട്യൂബ് ചാനലില്‍ നിന്ന് സ്ത്രീ വിരുദ്ധ വീഡിയോ ഏഴു ദിവസത്തിനകം നീക്കം ചെയ്യണമെന്നും സ്ത്രീ വിരുദ്ധ വീഡിയോ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യുന്നതും കോടതി വിലക്കി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. സ്ത്രീവിരുദ്ധ വീഡിയോ പങ്കുവെച്ചുവെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും കാണിച്ച് പാലാരിവട്ടം പോലിസില്‍ യുവതി നല്‍കിയ പരാതിയിലാണ് നടപടി. കേസില്‍ ഷാജന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
ഷാജന്‍ സ്‌കറിയക്കെതിരേ സമാന സ്വഭാവമുള്ള മറ്റൊരു കേസും യുവതി തൃപ്പൂണിത്തുറ ഹില്‍ പാലസ് പോലിസില്‍ നല്‍കിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കും വിധം വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചുവെന്ന ഈ കേസില്‍ ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. എന്നാല്‍ ജാമ്യ വ്യവസ്ഥ ലംഘിച്ച് ഷാജന്‍ സ്‌കറിയ വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തുന്ന വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചുവെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. ജാമ്യ വ്യവസ്ഥ ലംഘിച്ച് ഇയാളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചിരുന്നു. ഷാജന്‍ സ്‌കറിയ ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് കണ്ടെത്തിയ കോടതി ഈ മാസം 12ന് ഷാജനോട് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സ്ത്രീത്വത്ത അപമാനിക്കുന്ന തരത്തില്‍ വ്യാജവാര്‍ത്ത ചെയ്തതിനാണ് പാലാരിവട്ടം പോലിസ് ഷാജന്‍ സ്‌കറിയക്കെതിരേ ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്തത്.