തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യ ബലാല്‍സംഗ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ചതുമായിബന്ധപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഈശ്വറിന് കോടതിനോട്ടിസ്. എസിജെഎം കോടതിയാണ് നോട്ടിസ് അയച്ചത്. ഈ മാസം 19ന് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ ഹാജരാകണമെന്നാണ് നിര്‍ദേശം. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സൈബര്‍ പോലിസ് നല്‍കിയ അപേക്ഷയിലാണ് നോട്ടിസ്.
ജാമ്യത്തിലിറങ്ങിയ രാഹുല്‍ ഈശ്വര്‍ സമൂഹമാധ്യമത്തിലൂടെ തന്നെ അപമാനിക്കും വിധം പ്രതികരണങ്ങള്‍ നടത്തിയെന്ന് അതിജീവിത പോലിസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം തനിക്കെതിരെ പരാതി നല്‍കിയ അതിജീവിതയ്ക്കെതിരെ താനും പരാതി നല്‍കിയെന്നാണ് രാഹുല്‍ ഈശ്വറിന്റെ പ്രതികരണം. തനിക്കെതിരെ നിരന്തരം പരാതി നല്‍കി സൈ്വര്യ ജീവിതം നശിപ്പിക്കുകയാണ് അതിജീവിതയെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.