തൊണ്ടിമുതല്‍ കേസ്; ആന്റണി രാജുവിന് ജാമ്യം അനുവദിച്ച് കോടതി

ആന്റണി രാജുവിന് തത്കാലം ജയിലില്‍ പോകേണ്ട

Update: 2026-01-03 14:45 GMT

തിരുവനന്തപുരം: തൊണ്ടിമുതല്‍ അട്ടിമറിച്ച കേസില്‍ തടവ് ശിക്ഷ ലഭിച്ചെങ്കിലും ആന്റണി രാജുവിന് ജാമ്യം ലഭിച്ചു. ശിക്ഷ ഏഴു വര്‍ഷത്തില്‍ താഴെ ആയതുകൊണ്ടാണ് അപ്പീലില്‍ വിധി വരുന്നതു വരെ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇതിനുള്ളില്‍ സ്റ്റേ വാങ്ങി കോടതിയെ അറിയിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ജയിലിലേക്ക് പോകേണ്ടി വരും. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ഏതെങ്കിലും കോടതി ശിക്ഷിച്ചാല്‍ അയോഗ്യനെന്നാണ് സുപ്രിംകോടതിയുടെ നേരത്തെയുള്ള വിധി. ഇത് പ്രകാരം ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമാകും. വരുന്ന തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കാനും സാധിക്കില്ല.

തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തി പ്രതിക്ക് ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ അവസരമൊരുക്കി എന്ന കേസിലാണ് നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയും കോടതി ജീവനക്കാരനുമായിരുന്ന ജോസിനും മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ചു.

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്. അഭിഭാഷകനായ ആന്റണി രാജു കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിനല്‍കിയതിനെ തുടര്‍ന്ന് പ്രതി ശിക്ഷയില്‍ നിന്ന് രക്ഷപെട്ടു. അദ്ദേഹത്തിനെതിരേ ഐപിസി 120 ബി, 201, 193, 409, 34 എന്നീ വകുപ്പുകളാണ് തെളിഞ്ഞത്. ജോസുമായി ആന്റണി രാജു ഗൂഢാലോചന നടത്തി തൊണ്ടിമുതല്‍ പുറത്തെടുത്ത് അതില്‍ കൃത്രിമത്വം വരുത്തിയെന്നും അങ്ങനെ ഹൈക്കോടതിയിലെ കേസ് പ്രതിക്ക് അനുകൂലമാക്കിയെന്നും തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു.